തായ്‌ലന്‍ഡിലെ ക്ഷേത്രത്തില്‍ വെടിവെയ്പ്പ്; രണ്ട് ബുദ്ധസന്യാസിമാര്‍ കൊല്ലപ്പെട്ടു

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ രണ്ട് ബുദ്ധസന്യാസിമാരെ വെടിവെച്ചുകൊന്നു. തായ്‌ലന്‍ഡിലെ ക്ഷേത്രത്തിലുണ്ടായ വെടിവെയ്പ്പിലാണ് രണ്ട് ബുദ്ധസന്യാസിമാര്‍ കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മലേഷ്യന്‍ അതിര്‍ത്തിയിലെ നരത്വിവത് മേഖലയിലെ രത്തനൗപാപ് ക്ഷേത്രത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.

മുഖംമൂടി ധരിച്ചെത്തിയ ഒരുകൂട്ടം അക്രമികള്‍ അമ്പലത്തിലേക്ക് അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുയായിരുന്നു. മുസ്ലിങ്ങളും ബുദ്ധവിശ്വാസികളും തമ്മിലുള്ള വംശീയ സംഘര്‍ഷം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. പതിവായ അക്രമങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സന്യാസിമാര്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പും.

2004 മുതല്‍ നിലനില്‍ക്കുന്ന അക്രമപരമ്പരയില്‍ ഇരുവിഭാഗങ്ങളിലുമായി ഏകദേശം 7,000 ആളുകള്‍ മരിച്ചു. ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും നേരെ അക്രമഭീഷണി നിലനില്‍ക്കുന്നതിനാല്‍ തായ്‌ലന്‍ഡില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

DONT MISS
Top