ഗവണ്‍മെന്റ് ദളിതനെ ബ്രാഹ്മണന്റെ തലത്തിലേക്ക് ഉയര്‍ത്തുകയല്ല ചെയ്തത്, സവര്‍ണമേധാവിത്വത്തിന്റെ പിരമിഡില്‍ മുകളില്‍ ഇരുന്ന ബ്രാഹ്മണരെ പിടിച്ച് താഴെ കൊണ്ടുവന്ന് ദളിതരേക്കാളും താഴ്ന്ന നിലയിലാക്കി: സെന്‍കുമാര്‍

സെന്‍കുമാര്‍ (ഫയല്‍)

ബ്രാഹ്മണര്‍ ദളതരേക്കാള്‍ മുകള്‍ത്തട്ടിലാണെന്ന വാദവുമായി മുന്‍ ഡിജിപി സെന്‍കുമാര്‍. സവര്‍ണമേധാവിത്വത്തിന്റെ പിരമിഡില്‍ മുകളില്‍ ഇരുന്ന ആ ബ്രാഹ്മണരെ പിടിച്ച് താഴെ കൊണ്ടുവന്ന് ദളിതരേക്കാളും താഴ്ന്ന സാമ്പത്തികനിലയില്‍ ആക്കാനായിട്ടുള്ള സോഷ്യലിസം നടപ്പാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്.

ശബരിമല നിമിത്തമോ തുടക്കമോ മാത്രമാണ്. ഈ ഹിരണ്യകശിപുമാരുടേയും താരകന്‍മാരുടേയും കുറുക്കന്‍ കണ്ണുകള്‍ ഇപ്പോള്‍ത്തന്നെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒന്നേകാല്‍ ലക്ഷം കോടിയുടെ സ്വത്തുക്കളിലാണ്. അതുകൊണ്ട് ഹൈന്ദവസംസ്‌കാരത്തിന് ഇപ്പോഴുണ്ടായിരിക്കുന്ന ഈ അറിവ് തങ്ങള്‍ അന്യം നിന്നു പോകുമെന്ന അറിവ്, ധര്‍മ്മം നിലനിര്‍ത്താനുള്ള ഈ ജാഗ്രത അഭൂതപൂര്‍വ്വമാണ്. ഇത് ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ല. ഈ ഒരുമ സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും നമ്മെ വേര്‍തിരിക്കുന്ന സവര്‍ണ അവര്‍ണ വാദങ്ങള്‍, സംവരണപ്രശ്‌നങ്ങള്‍. ആരാണ് സവര്‍ണന്‍? സെന്‍കുമാര്‍ ചോദിച്ചു.

ബഹുമാന്യനായ മന്നത്ത് പത്മനാഭന്റെ ആത്മകഥയുണ്ട്. എന്റെ ജീവിത സ്മരണകള്‍. അതില്‍ പറയുന്നത് വായിച്ചുനോക്കണം. കേരളത്തില്‍ ഒറ്റ സവര്‍ണനേയുള്ളൂ. അത് കേരള ബ്രാഹ്മണന്‍ എന്നറിയപ്പെടുന്ന നമ്പൂതിരിയാണ്. കേരളാ ജനസംഖ്യയുടെ അരശതമാനം പോലും ഇല്ല. ജനാധിപത്യ ഗവണ്‍മെന്റ് വന്നിട്ട് ഒരു കാര്യം സാധിച്ചു. ദളിതനെ ആ ബ്രാഹ്മണന്റെ തലത്തിലേക്കോ ബൗദ്ധിക തലത്തിലേക്കോ ഉയര്‍ത്തുകയല്ല ചെയ്തത്. സവര്‍ണമേധാവിത്വത്തിന്റെ പിരമിഡില്‍ മുകളില്‍ ഇരുന്ന ആ ബ്രാഹ്മണരെ പിടിച്ച് താഴെ കൊണ്ടുവന്ന് ദളിതരേക്കാളും താഴ്ന്ന സാമ്പത്തികനിലയില്‍ ആക്കാനായിട്ടുള്ള സോഷ്യലിസം നടപ്പാക്കിയെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സംഘപരിവാര്‍ സംഘടനയായ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ വലതുപക്ഷ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന അയ്യപ്പഭക്തസംഗമത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് ടിപി സെന്‍കുമാറിന്റെ പ്രതികരണം. ഇദ്ദേഹത്തിന്റെ പ്രസംഗത്തിനിടെയാണ് അമൃതാനന്ദമയി വേദിയിലേക്ക് കടന്നുവന്നത്. ഇതോടെ പ്രസംഗം നിര്‍ത്തിവച്ച സെന്‍കുമാര്‍ അമൃതാനന്ദമയിയെ മൂന്നുവട്ടം കുമ്പിട്ട് വണങ്ങുകയും ചെയ്തു.

DONT MISS
Top