“ശബരിമലയില്‍വച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കാലില്‍ പിടിച്ച് കരഞ്ഞു”, കേള്‍വിക്കാരില്‍ ചിരിപടര്‍ത്തി ചിദാനന്ദപുരിയുടെ കഥ

ശബരിമലയില്‍ തന്ത്രിയെ കാണാന്‍ പോയപ്പോള്‍ ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ തന്റെ കാലില്‍ പിടിച്ച് കരഞ്ഞ് സംസാരിച്ചതായി കേരള സംസ്ഥാന സന്യാസ മാര്‍ഗദര്‍ശ്ശക മണ്ഡലിന്റെ പ്രസിഡന്റായ സ്വാമി ചിദാനന്ദപുരി. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിലായിരുന്നു ചിദാനന്ദപുരിയുടെ ഈ പ്രസ്താവന. ഇത് കേള്‍വിക്കാരില്‍ ചിരിപടര്‍ത്തുകയും ചെയ്തു. യൂണിഫോമിലെ റാങ്ക് നോക്കിയാണത്രെ ചിദാനന്ദപുരി പൊലീസുകാരന്റെ റാങ്ക് ഉന്നതമായതാണെന്ന് കണ്ടെത്തിയത്.

“മാളികപ്പുറം ക്ഷേത്രത്തിന്റെ സൈഡില്‍ ഒരുന്നത പൊലീസ് ഉദ്യോഗസ്ഥന്‍, അദ്ദേഹം ആരാണെന്ന് എനിക്ക് മനസിലായിച്ച. അദ്ദേഹത്തിന്റെ റാങ്കുകള്‍ കാണിക്കുന്നത് അങ്ങനെയാണ്. അദ്ദേഹം തൊപ്പിയഴിച്ചുമാറ്റി വന്ന് കാലുകള്‍ മുറുകെ പിടിക്കുകയാണ്. നമസ്‌കരിക്കുകയല്ല, ആ വികാരം മുഴുവന്‍ ആ പിടുത്തത്തിലുണ്ട്”, അദ്ദേഹം തുടര്‍ന്നു

“ഇന്നാണെങ്കില്‍ വേദനിച്ച് ഞാന്‍ കരയുമായിരുന്നു. അന്നെനിക്ക് ആശ്വാസമാണ് തോന്നിയത്. കാരണം പെരുംമഴകൊണ്ട് നനഞ്ഞിട്ടാണ് പൊയത്. തണുത്തുവിറയ്ക്കുകയാ. അതുകൊണ്ട് ആ പിടുത്തം ഒരു സുഖമായി തോന്നി. അദ്ദേഹത്തിന്റെ കണ്ണില്‍നിന്ന് ധാരധാരയായി കണ്ണുനീര്‍ ഒഴുകിക്കൊണ്ട് പറഞ്ഞു, നിങ്ങളേപ്പോലുള്ളവരുടെ ആ സങ്കല്‍പ ശക്തികൊണ്ട് എന്നാണിതൊക്കെയൊന്ന് നേരെയാവുക?” അദ്ദേഹം പറഞ്ഞുനിര്‍ത്തി. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ കാലുപിടിച്ച് കരഞ്ഞെന്നുംമറ്റുമുള്ള കഥകേട്ട പ്രേക്ഷകര്‍ ചിരിയടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.

DONT MISS
Top