സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി അയ്യപ്പഭക്തസംഗമം; മന്ത്രിക്ക് താന്‍ രാജാവാണെന്നു തോന്നുന്ന അനര്‍ത്ഥമാണ് ഇപ്പോള്‍ കേരളത്തിലെന്ന് സ്വാമി ചിദാനന്ദപുരി


തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. മുന്‍ ഡിജിപി സെന്‍കുമാര്‍, കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. മന്ത്രിക്ക് താന്‍ രാജാവാണെന്നു തോന്നുന്ന അനര്‍ത്ഥമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു.

യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകാനാണ് കര്‍മ്മസമിതിയുടെ തീരുമാനം അതിന്റെ ഭാഗമായാണ് ഇന്ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അയ്യപ്പഭക്ത സംഗമം നടത്തിയത്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ട രീതിയില്‍ പാലിച്ചില്ലെങ്കില്‍ ക്ഷേത്ര അന്തരീക്ഷത്തെ ദോഷമായി ബാധിക്കുമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അമൃതാനന്ദമയിയും പറഞ്ഞു.

ക്ഷേത്രങ്ങളാണ് സംസ്‌കാരത്തിന്റെ തൂണുകള്‍. അത് സംരക്ഷിക്കപ്പെട്ടെങ്കില്‍ മാത്രമേ സമൂഹത്തില്‍ ശാരീരികവും മാനസീകവുമായ താളലയം കൊണ്ടുവരാന്‍ സാധിക്കൂ എന്നും അമൃതാനന്ദമയി പറഞ്ഞു.

കേരളം മതസൗഹാര്‍ദത്തിന് പേരുകേട്ട സംസ്ഥാനമാണ്. സ്ത്രീ-പുരുഷ സമത്വത്തിനും പേരുകേട്ടതാണ്. എന്നാല്‍ കോടിക്കണക്കിന് വിശ്വാസികളെക്കൂടി മാനിക്കേണ്ട കടമ സര്‍ക്കാരിനുണ്ടെന്നു ശ്രീ ശ്രീ രവിശങ്കറും പറഞ്ഞു.

ആചാരമനുഷ്ഠിച്ച ഒരു സ്ത്രീ പോലും മല ചവിട്ടിയിട്ടില്ലെന്നും ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രിംകോടതിയെ ബോധ്യപ്പെടുത്തിയില്ലാ എന്ന് ഡിജിപി സെന്‍കുമാറും ആരോപിച്ചു. പരിഹാസ രൂപേണയാണ് അദ്ദേഹം സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്.

എന്നാല്‍ ആചാരത്തിന്റെ യുക്തി എന്തെന്നു വെളിപ്പെടുത്തണമെന്ന അവകാശവാദവുമായി നിരവധി ഇടതുപക്ഷ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

DONT MISS
Top