നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തി മുന്നോട്ട്തന്നെ പോകും; എതിര്‍പ്പുകള്‍ വകവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി

ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തണമെന്ന് ആഗ്രഹമുള്ള ചിലര്‍ നാട്ടിലുണ്ട്, അത്തരക്കാരാണ് പ്രളയം മനുഷ്യ നിര്‍മിതമാണെന്ന് പ്രചാരണം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ സമയത്ത് ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ കേന്ദ്രം അറച്ചു നിന്നു. യുഎഇ യുടെ സഹായം കേന്ദ്രം നിഷേധിച്ചതു മൂലം ആയിരകണക്കിന് കോടി രൂപയാണ് നഷ്ടമായത്. മന്ത്രിമാര്‍ക്ക് വിദേശ സന്ദര്‍ശനം വിലക്കിയത് എന്തിനാണെന്നും മനസിലാകുന്നില്ല. സാലറി ചലഞ്ചിനെതിരെ യുഡിഎഫ് രംഗത്ത് എത്തിയത് എന്തിന് വേണ്ടിയാണെന്നും വ്യക്തമല്ല.

1991 ന് മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നില്ലെന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ലിംഗസമത്വം ഭരണഘടനപരമായ അവകാശമാണ്. സ്ത്രീസമത്വം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച വനിതാമതിലില്‍ അന്‍പതുലക്ഷം വനിതകള്‍ അണിചേര്‍ന്നു. സ്ത്രീകള്‍ അണിചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു ഇത്. അതേസമയം നാടിന്റെ മുന്നേറ്റത്തെ തകര്‍ക്കാന്‍ യാഥാസ്ഥിതികര്‍ എന്നും ശ്രമിച്ചിരുന്നു. നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തി മുന്നോട്ട് പോകും, എതിര്‍പ്പ് വകവെയ്ക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top