96ാം വയസ്സില്‍ 98 മാര്‍ക്ക് വാങ്ങിയ അക്ഷരലക്ഷത്തിന്റെ റാങ്ക് ജേതാവ് കാര്‍ത്ത്യായനി അമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗ് ഗുഡ്‌വില്‍ അംബാസിഡര്‍

96ാം വയസ്സില്‍ 98 മാര്‍ക്ക് വാങ്ങിയ കാര്‍ത്ത്യായനി അമ്മ ഇനി അക്ഷരലക്ഷത്തിന്റെ റാങ്ക് ജേതാവ് മാത്രമല്ല. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ ഈ സാക്ഷരതാ പഠിതാവിനെ കോമണ്‍വെല്‍ത്ത് ലേണിംഗ് ഗുഡ്‌വില്‍ അംബാസിഡര്‍ ആയി തെരഞ്ഞെടുത്തിരിക്കുകയാണ്. 53 രാജ്യങ്ങളില്‍ വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ലക്ഷ്യം വയ്ക്കുന്നത്. നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 100ല്‍ 98 മാര്‍ക്ക് നേടിയാണ് കാര്‍ത്ത്യായനി അമ്മ സംസ്ഥാനത്ത് ഒന്നാമതെത്തിയത്.

വയോധികരിലെ നിരക്ഷരത തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കിയ പദ്ധതിയാണ് അക്ഷരലക്ഷം. 42,933 പേര്‍ എഴുതിയ പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു കാര്‍ത്ത്യായനി അമ്മ. വായന, എഴുത്ത്, ഗണിതം എന്നീ മൂന്ന് മേഖലയിലായിരുന്നു പരീക്ഷ നടത്തിയത്. എഴുത്തില്‍ കാര്‍ത്യായനി അമ്മക്ക് ലഭിച്ചത് 40 ല്‍ 38 മാര്‍ക്കാണ്. വായനയിലും ഗണിതത്തിലും മുഴുവന്‍ മാര്‍ക്കും ലഭിച്ചു. തന്റെ 100ാം വയസില്‍ പത്താംതരം തുല്യതാ പരീക്ഷ പാസാവുക എന്നതാണ് ഈ ആലപ്പുഴക്കാരി അമ്മയുടെ ലക്ഷ്യം.

റാങ്ക് ജേതാവിന് ആശംസകളറിയിക്കാനും പാരിതോഷികങ്ങള്‍ നല്‍കുവാനും നിരവധി പ്രമുഖര്‍ എത്തിയിരുന്നു. കംപ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം അറിയിച്ച ഇവര്‍ക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ലാപ്‌ടോപ്പ് സമ്മാനമായി നല്‍കിയിരുന്നു. കൊച്ചുമകന്റെ സഹായത്തോടെ കംപ്യൂട്ടര്‍ പഠിക്കാനും കാര്‍ത്ത്യായനി അമ്മ ശ്രമിക്കുന്നുണ്ട്.

കോമണ്‍വെല്‍ത്ത് ലേണിംഗ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം നേരത്തെ കാര്‍ത്ത്യായനി അമ്മയെ കാണാന്‍ എത്തിയിരുന്നു.

DONT MISS
Top