തുല്യ നീതിയും ആചാര സംരക്ഷണവും, യുദ്ധം ചെയ്ത തീര്‍ത്ഥാടനകാലം

ഒരു മണ്ഡലകാലത്തിനു കൂടി സമാപനമായിരിക്കുകയാണ്. അവസാന മണിക്കൂറുള്‍ വരെ പ്രതിഷേധങ്ങള്‍ നിറഞ്ഞു നിന്ന ഒരു മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനാണ് സമാപനമാകുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടന്ന യുവതീ പ്രവേശനം ചരിത്രത്തില്‍ ഇടംപിടിക്കുമ്പോള്‍, ഒരു തീര്‍ത്ഥാടനകാലം മുഴുവന്‍ നിറഞ്ഞു നിന്ന നിരോധനാജ്ഞയും അക്രമ സംഭവങ്ങളും ഈ മണ്ഡല-മകരവിളക്ക് കാലത്തിന്റെ ഓര്‍മപെടുത്തലുകളായി എന്നും അവശേഷിക്കും.
മൗലികഅവകാശങ്ങള്‍ മുന്‍നിര്‍ത്തി കോടതി നല്‍കിയ അവകാശം ശബരിമലയില്‍ എത്തിയപ്പോള്‍ ഈ തീര്‍ത്ഥാടനകാലത്ത് എന്താണ് സംഭവിച്ചത്? ആചാര സംരക്ഷണത്തിനായി ഒരു വിഭാഗം ഉണര്‍ന്നപ്പോള്‍ പരമോന്നത നീതിപീഠം നല്‍കിയ തുല്യതയ്ക്ക് വേണ്ടിയായിരുന്നു മറുവശത്തെ സമരം. അതുകൊണ്ട് തന്നെ തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ മുതല്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ക്ക് അവസാന മണിക്കൂറികളിലും ശമനമുണ്ടായില്ല എന്നതാണ് സത്യം. നിറഞ്ഞുനിന്ന പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മണ്ഡലകാലം മുഴുവന്‍ നിരോധനാജ്ഞയും പ്രഖ്യാപിക്കപ്പെട്ടു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എത്തിയ മാധവി മുതല്‍, രേഷ്മയും നിഷാലയും വരെ ഉള്ളവരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ചരിത്രവിധിയിലൂടെ ദര്‍ശനം സാധ്യമയായത്. ചിലരുടെ അവകാശവാദങ്ങള്‍ ഇപ്പോഴും സ്ഥിരീകരിക്കാതെ തുടരുന്നത് കൊണ്ടാണ് സഖ്യ രണ്ടില്‍ തന്നെ ചുരുങ്ങുന്നത്. വിധിയിലെ തുല്യത തേടി അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ എത്തിയ സ്ത്രീകള്‍ക്ക് മുന്നില്‍ തുറന്നിട്ട വാതിലുക്കള്‍ ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. ചിലര്‍ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ സ്വയം തീരുമാനം തിരുത്തി മടങ്ങിപോയപ്പോള്‍, മറ്റു ചിലര്‍ക്ക് പ്രാണഭയത്താല്‍ തിരിഞ്ഞോടേണ്ടി വന്ന കാഴ്ച്ചയാണ് സാക്ഷര കേരളം കണ്ടത്. ഭൂരിഭാഗം പേരും ആക്ടിവിസ്റ്റുകളായി മുദ്ര കുത്തപ്പെട്ടു എന്നതാണ് മറ്റൊരു വസ്തുത. വിശ്വാസ സമൂഹമായിരുന്നോ ഇതിന്റെ പിന്നില്‍? മലചവിട്ടാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് മേല്‍
സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പടെ, കേട്ടാല്‍ അറയ്ക്കുന്ന പ്രയോഗങ്ങള്‍ നടത്തിയവരെ, വിശ്വാസി എന്നു വിളിക്കാനാവില്ല. വിശ്വാസിയുടെ കൂട്ടത്തില്‍ കയറ്റാനുമാക്കില്ല. വിധിയുടെ പശ്ചാത്തലത്തില്‍ എത്തിയവരുടെ വീടുകള്‍ക്കുനേരെ ആചാരങ്ങള്‍ ഉയര്‍ത്തി അക്രമങ്ങള്‍ അഴിച്ചു വിട്ടത് ചരിത്രത്തതിന്റെ താളുകളില്‍ കറുത്ത അധ്യയമായി തന്നെ കുറിക്കപ്പെടും. മലകയാറാന്‍ എത്തുന്നവരുടെ പഴയകാലം ചികഞ്ഞിറങ്ങിയവര്‍ തിരിച്ചറിയേണ്ട ഒരു വസ്തുത ഉണ്ട്. നിങ്ങള്‍ കല്‍പ്പിക്കുന്ന യോഗ്യത ഭൂതകാല സര്‍ട്ടിഫിക്കറ്റ് ആണെങ്കില്‍ ആചാരകസംരക്ഷകരായി എത്തിയ പലര്‍ക്കും ശബരിമലയില്‍ എത്താന്‍ അര്‍ഹത ഉണ്ടാകുമായിരുന്നില്ല. പുറകിലേക്കോടി, ചികഞ്ഞെടുക്കലുകളുമായി സ്ത്രീകളെ തുരത്തിയവരോട് ഒരു ചോദ്യം കൂടി ബാക്കി ഉണ്ട്. ഭൂതകാലത്തില്‍ പ്രശ്‌നക്കാരികള്‍ അല്ലാതിരുന്ന അന്യസംസ്ഥാന നിന്ന് എത്തിയ സ്ത്രീകളെയും എന്തിനു മലയിറക്കി?

യുവതികള്‍ മാത്രമല്ല അക്രമങ്ങള്‍ നേരിടേണ്ടി വന്നത്. ചിത്തിര ആട്ടപൂജയക്ക് സന്നിധാനത് എത്തിയ 50 വയസിനു മുകളില്‍ പ്രായമായ സ്ത്രീയെ ആക്രമിക്കാന്‍ പാഞ്ഞടുത്തവരെയും കേരളം മറന്നിട്ടുണ്ടാകില്ല. ചിലര്‍ ആചാര സംരക്ഷകരുടെ വേഷം കെട്ടിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും രക്ഷ ഉണ്ടായിരുന്നില്ല. ശബരിമലയുടെ പേരില്‍ നടന്ന അക്രമങ്ങള്‍ കൃത്യമായ രാഷ്ട്രീയ ചൂതാട്ടമായിരുന്നുവെന്ന് ഇനിയും മനസിലാകാത്തവര്‍ ഉണ്ടോ? രാഷ്ട്രീയ മുതലെടുപ്പുകള്‍ പിടിമുറുകിയപ്പോള്‍ പ്രതിഷേധങ്ങളും അക്രമങ്ങളും, മലയിറങ്ങി കേരളമാകെയാണ് വ്യാപിച്ചത്. ശബരിമല എന്ന പുണ്യഭൂമിയുടെ പേരില്‍ മുതലെടുപ്പുകാര്‍ കേരളത്തെ കലാപ ഭൂമിയാക്കുകയായിരുന്നു.

പൊള്ളയായ വാദങ്ങള്‍ ഒന്നൊന്നായി നിരത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ അത് വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ സ്ത്രീ പ്രവശനത്തെ അനുകൂലിച്ച സംഘപരിവാറും ബിജെപിയുമെല്ലാം  വളരെ പെട്ടന്നാണ് നിലപാട് മാറ്റിയത്. സ്ത്രീ പ്രവേശനത്തെ എതിര്‍ത്തു തുടങ്ങിയ സമരം ഒരു ഘട്ടത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കമ്മ്യൂണിസ്റ്റ്കാര്‍ക്ക് എതിരെ എന്നാക്കി തിരുത്തി. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്തോടെ സമരം എന്തിനെന്ന് തന്നെ അറിയാത്ത അവസ്ഥയില്‍ ആയി മാറി. പക്ഷേ നിരന്തരം ഹര്‍ത്താലുകള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തില്‍ ബിജെപിക്ക് ആശയാകുഴപ്പം ഉണ്ടായിരുന്നില്ല. ദേഹം മുഴുവന്‍ തീ കത്തി പടര്‍ന്ന വ്യക്തി നിലവിളിക്കാതെ ഓടി എത്തിയത് ബിജെപിയുടെ സമര പന്തലിലാണ്. അയ്യപ്പന് വേണ്ടി എന്നു പറഞ്ഞു നിലത്തേക്ക് വീണ പ്രവര്‍ത്തകന്റെ യുക്തി രഹിതമായ കഥ കേരളത്തോട് വിളിച്ചുപറഞ്ഞ ബിജെപി സ്വയം അപഹസ്യരായി എന്നതല്ല. മറിച്ച് ഈ പൊള്ളയായ കഥയും അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമത്തെയാണ് തിരിച്ചറിയേണ്ടത്. ഒരു കൈകൊണ്ട് വിധിയെ സ്വീകരിച്ചും മറു കൈകൊണ്ട് ആചാരത്തെ സംരക്ഷിച്ചു തുടങ്ങിയ
കോണ്‍ഗ്രസ് നിലപാടും വളരെ പെട്ടന്ന് മാറി. ബിജെപിയുടെ രാഷ്ട്രീയം ഏറെ കുറെ വ്യക്തമാണങ്കിലും, സുപ്രിംകോടതി വിധിയ്‌ക്കെതിരെ നെഹ്രുവിന്റെ പിന്മുറക്കാര്‍ മറുകണ്ടം ചാടിയത് കലക്കവെള്ളത്തിലെ മീന്‍പിടുത്തം മാത്രമായി.

അടിയുറച്ച ചില വിശ്വാസങ്ങള്‍ യുക്തി രഹിതമെങ്കിലും മാറാന്‍ കാലങ്ങള്‍ തന്നെ വേണ്ടി വന്നേക്കും എങ്കിലും ഇത് മാറുക തന്നെ ചെയ്യും. അവകാശങ്ങള്‍ക്ക് മുകളില്‍ നിലനിന്ന് പിന്നീട് മാഞ്ഞു പോയ അത്തരം നിരവധി ആചാരങ്ങളെ ചരിത്രത്തില്‍ കാണാനാകും. അത്തരമൊരു കാലം എത്തും വരെ കേരളം തിരിച്ചറിയേണ്ടത്, ഭയക്കേണ്ടത് മുതലെടുപ്പ് രാഷ്ട്രീയത്തെയാണ്. വര്‍ഗീയമായി ഭിന്നിപ്പിച്ച് ഭരണം കയ്യാളാനുള്ള അജണ്ടകളെയാണ്. ശബരിമല എന്ന പുണ്യ പൂങ്കാവനത്തെ മുന്‍നിര്‍ത്തി കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളേയും സാക്ഷര കേരളം ചേര്‍ത്തു തോല്‍പിക്കും എന്നു തന്നെ പ്രത്യാശിക്കാം.

DONT MISS
Top