തന്റെ ഇനിയുള്ള സിനിമകളില്‍ ചുംബനരംഗങ്ങള്‍ ഉണ്ടാകില്ലെന്ന് ഇമ്രാന്‍ ഹാഷ്മി

അനാവശ്യ ചുംബനങ്ങള്‍ ഇനി തന്റെ സിനിമകളില്‍ ഉണ്ടാകില്ലെന്ന് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. ചുംബന സ്‌പെഷ്യലിസ്റ്റ് എന്ന പേര് ഒഴിവാക്കാന്‍ തെരഞ്ഞെടുക്കുന്ന സിനിമകളില്‍ തന്നെ മാറ്റം വരുത്തിയിരിക്കുകയാണ് താരം. മര്‍ഡര്‍ എന്ന സിനിമയില്‍ മല്ലിക ഷരാവത്തിനെ ചുംബിച്ചാണ് ഇമ്രാന്റെ സിനിമയിലേക്കുള്ള രംഗപ്രവേശനം.

ഇതിലെ ചുംബനരംഗങ്ങള്‍ കണ്ടാണ് ഇമ്രാന്‍ ഹാഷ്മിക്ക് നിറയെ ചിത്രങ്ങള്‍ ലഭിച്ച് തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അധികം ചുംബിക്കാത്തത് വലിയ പുരോഗതിയാണെന്നാണ് താരം പറയുന്നത്. ആദ്യ ചിത്രത്തില്‍ പത്ത് ചുംബന രംഗങ്ങളാണ് ഉണ്ടായിരുന്നത്.  ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്ന വൈ ചീറ്റ് ഇന്ത്യ എന്ന ചിത്രത്തില്‍ ഒരു ചുംബനരംഗം മാത്രമാണുള്ളത്.

ചിത്രത്തില്‍ ചുംബനം ഒഴിവാക്കാന്‍ താനും സംവിധായകനും തീരുമാനിച്ചതാണ് എന്നാല്‍ നിര്‍മ്മാതാവിന്റെ നിര്‍ബന്ധം കാരണമാണ് ചിത്രത്തില്‍ ഒരു ചുംബനരംഗം ഉള്‍പ്പെടുത്തിയതെന്ന് ഇമ്രാന്‍ ഹാഷ്മി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ കള്ളത്തരങ്ങളെക്കുറിച്ചാണ് സിനിമയില്‍ പറയുന്നത്. ചീറ്റ് ഇന്ത്യ എന്നായിരുന്നു ആദ്യം സിനിമയ്ക്ക് പേര് നല്‍കിയിരുന്നത് എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് പിന്നീടത് വൈ ചീറ്റ് ഇന്ത്യ എന്നാക്കി മാറ്റി. പുതിയ പേരിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

DONT MISS
Top