22 ന് ഉണ്ടോ? ഉണ്ട് ഇല്ല


ശബരിമല യുവതി പ്രവേശന വിധിക്ക് എതിരെ നല്‍കിയിരിക്കുന്ന 50 ല്‍ അധികം പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനാണ് സുപ്രിം കോടതി തീരുമാനിച്ചിരുന്നത്. അഞ്ചംഗ ഭരണഘടന ബെഞ്ചിന് മുന്‍പാകെ നടക്കുന്ന വാദം കേള്‍ക്കല്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കണം എന്ന ആവശ്യം അഭിഭാഷകന്‍ ആയ മാത്യൂസ് നെടുമ്പാറ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് 22 ന് വാദം കേള്‍ക്കാന്‍ സാധ്യത ഇല്ല എന്ന സൂചന നല്‍കിയത്. ഭരണഘടന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ ആണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ മാത്രം അല്ല, അഭിഭാഷകരും അത്ഭുതത്തോടെ ആണ് ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ കേട്ടത്. പ്രത്യേകിച്ച് സീനിയര്‍ അഭിഭാഷകര്‍. സുപ്രിം കോടതിയിലെ പ്രധാനപ്പെട്ട സീനിയര്‍ അഭിഭാഷകരില്‍ പലരും ശബരിമല കേസില്‍ ഹാജരാകുന്നുണ്ട്. 22 ന് ഈ കേസില്‍ ഹാജരാകാന്‍ മാത്രമാണ് പലരും തീരുമാനിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ചീഫ് ജസ്റ്റിസില്‍ നിന്ന് ലഭിച്ച സൂചന കാരണം പലരും മുന്‍ നിശ്ചയിച്ച പരിപാടി റീ ഷെഡ്യൂള്‍ ചെയ്യണമോ എന്ന ചര്‍ച്ചയിലേക്ക് കടന്നു. എന്നാല്‍ 22 ന് ശബരിമല കേസില്‍ വാദം ഉണ്ടാകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ ആകില്ല എന്നാണ് ഏറ്റവും ഒടുവില്‍ പലരുടെയും അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം.

ജനുവരി 9 മുതല്‍ ആണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ പ്രവേശിക്കുന്നത്. കണങ്കൈയില്‍ മുന്‍ കൂട്ടി നിശ്ചയിച്ച ഒരു ശസ്ത്രക്രീയ നടത്താന്‍ ആയിരുന്നു അവധിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ശസ്ത്രക്രീയ വിജയകരമായി കഴിഞ്ഞു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തില്‍ ആണ്. 18 വരെയാണ് അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത് എന്നാണ് സുപ്രിം കോടതി വൃത്തങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. എന്നാല്‍ ഈ അവധി നീട്ടിയോ എന്നതിനെ സംബന്ധിച്ച് ഒരു ഔദ്യോഗിക വിവരവും ഇല്ല. ചീഫ് ജസ്റ്റിസിനോട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി നീട്ടും എന്ന് വ്യക്തിപരമായി പറഞ്ഞോ എന്നും വ്യക്തമല്ല.

ഔദ്യോഗിക രേഖകള്‍ പ്രകാരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര 21 ന് സുപ്രിം കോടതിയില്‍ മടങ്ങിയെത്തും. അങ്ങനെ എങ്കില്‍ 22 ന് ശബരിമല യുവതി പ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ വാദം നടക്കില്ലേ ? അതോ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധി നീട്ടുമോ ? വെള്ളി ആഴ്ചയ്ക്ക് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകും എന്നാണ് സുപ്രിം കോടതി രജിസ്ട്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. അതിനാലാണ് ശബരിമല കേസില്‍ 22 ന് വാദം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് ഇല്ല (ഉണ്ടില്ല) എന്ന് മറുപടി പറയണം എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിപ്രായപ്പെട്ടത്.

പുനഃപരിശോധന ഹര്‍ജികളില്‍ തീരുമാനം വൈകുന്നത് ആര്‍ക്ക് ഗുണം ? ആര്‍ക്ക് നഷ്ടം ?
******************

ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രിം കോടതിയുടെ ഇടക്കാല തീരുമാനം എപ്പോള്‍ ഉണ്ടാകും ? ജനുവരി 22 ന് വാദം കേള്‍ക്കല്‍ നടന്നാല്‍ ഒന്നുകില്‍ പുനഃ പരിശോധന ഹര്‍ജികള്‍ എല്ലാം കോടതി തള്ളിയേക്കാം. അല്ലെങ്കില്‍ മുന്‍ ഉത്തരവ് പുനഃ പരിശോധിക്കാന്‍ തീരുമാനിച്ചേക്കാം. ഹര്‍ജികള്‍ തള്ളി കളഞ്ഞാല്‍ പിന്നീട് എല്ലാ ശ്രദ്ധയും കേന്ദ്ര സര്‍ക്കാരില്‍ ആയിരിക്കും. ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ പാര്‍ലമെന്റില്‍ ബഡ്ജറ്റ് സമ്മേളനം ആണ്. ഈ സമ്മേളന കാലയളവില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ ഉള്ള നിയമനിര്‍മ്മാണം കൊണ്ട് വരണം എന്ന ആവശ്യം ഉയരും. ബിജെപിക്കും, കോണ്‍ഗ്രസിനും വ്യക്തമായ ഒരു നിലപാട് സ്വീകരിക്കേണ്ടി വരും.

ഇന്ദു മല്‍ഹോത്രയുടെ മെഡിക്കല്‍ അവധി തുടര്‍ന്നാല്‍ ഭരണഘടന ബെഞ്ച് എപ്പോള്‍ ഇരിക്കും എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. പുനഃപരിശോധന ഹര്‍ജികള്‍ തള്ളുക ആണെങ്കില്‍ അത് ഫെബ്രുവരി ആദ്യ വാരം എങ്കിലും ഉണ്ടായാലേ നിയമ നിര്‍മ്മാണം നടക്കുകയുള്ളൂ. ഫെബ്രുവരി മധ്യത്തിനും അവസാനത്തിനും ഇടയില്‍ ആണ് ഉണ്ടാകുന്നത് എങ്കില്‍ പിന്നെ ഓര്‍ഡിനന്‍സ് ആണ് പോംവഴി. മാര്‍ച്ച് ആദ്യ വാരം പൊതു തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കും. പിന്നീട് പെരുമാറ്റ ചട്ടം കാരണം മെയ് പകുതി വരെ ഒന്നും നടക്കില്ല. ശബരിമല ഒരു രാഷ്ട്രീയ വിഷയം ആയി കേരളത്തില്‍ നിലനില്‍ക്കും. ഇനി പരിഗണിക്കുന്ന ദിവസം തന്നെ മുന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ കോടതി തീരുമാനിച്ചാല്‍ തത്കാലത്തെങ്കിലും ഈ വിഷയം കെട്ടടങ്ങും എന്നാണ് പലരുടെയും വിലയിരുത്തല്‍.

ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികളില്‍ തീരുമാനം ആകുന്നതിന് മുമ്പ് ജസ്റ്റിസ് ചന്ദ്രചൂഡ് കേരളത്തില്‍ എത്തുമോ ?
****************

ശബരിമല യുവതി പ്രവേശന വിധി പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെ കാണാന്‍ ഒരു അതിഥി ഇന്ന് സുപ്രിം കോടതിയില്‍ എത്തിയിരുന്നു. കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍. ഫെബ്രുവരി 24 ന് നിയമസഭ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് പാര്‍ലമെന്റിലേക്ക് ജസ്റ്റിസ് ചന്ദ്രചൂഡിനെ ക്ഷണിക്കാനായിരുന്നു ശ്രീരാമ കൃഷ്ണന്‍ സുപ്രീം കോടതിയില്‍ എത്തിയത്.

കേരളത്തിനെക്കുറിച്ച് ജസ്റ്റിസ് ചന്ദ്രചൂഡിന് വലിയ മതിപ്പാണ്. ന്യായാധിപന്‍ ആയതിന് ശേഷവും ജസ്റ്റിസ് ചന്ദ്രചൂഡ് അധികം ആരും അറിയാതെ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. വിദൂരം ആയ ഒരു ബന്ധം അദ്ദേഹത്തിന് കേരളവുമായി ഉണ്ട്. ഭാര്യ കല്‍പ്പന ദാസിലൂടെയാണ് ആ ബന്ധം. കല്‍പനയുടെ അച്ഛന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍ ആയിരുന്നു. മലബാറില്‍ ജോലിയും ചെയ്തിട്ടുണ്ട്. കുറച്ച് കാലം കല്‍പ്പന സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത് കാസര്‍ഗോഡ് ആയിരുന്നു. അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യം കൂടി എഴുതാം. ബേക്കല്‍ കോട്ട ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നായി മാറുന്നത് ഈ കേരള ബന്ധം കൊണ്ടാണ്.

കേരളത്തിലേക്കുള്ള ക്ഷണങ്ങള്‍ എല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്ന ജസ്റ്റിസ് ചന്ദ്രചൂഡ്, ഇന്ന് ശ്രീരാമ കൃഷ്ണനെയും നിരാശനാക്കിയല്ല സുപ്രിം കോടതിയില്‍ നിന്ന് യാത്ര അയച്ചത്. പക്ഷേ ഫെബ്രുവരി 24 ന് തിരുവനന്തപുരത്ത് എത്തും എന്ന ഉറപ്പ് മാത്രം നല്‍കിയില്ല. ആലോചിച്ച ശേഷം തീരുമാനം അറിയിക്കാം എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് സ്പീക്കറെ അറിയിച്ചു. വൈകാതെ ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ തീരുമാനം കേരളത്തെ അറിയിക്കും എന്ന് പ്രതീക്ഷിക്കാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top