‘മൂത്തോന്’ ആശംസകളുമായി മഞ്ജു വാര്യര്‍; ‘വലിയ കാര്യം’ എന്ന് ശ്രീകുമാര്‍ മേനോന്‍, ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം മൂത്തോന് എല്ലാവിധ ആശംസകളുമറിയിച്ച് നടി മഞ്ജു വാര്യര്‍. ആശംസകളറിയിച്ചു കൊണ്ടുള്ള മഞ്ജുവിന്റെ ട്വീറ്റിന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. മഞ്ജുവിന്റെ ആശംസയെ പരിഹസിക്കുന്ന രീതിയിലായിരുന്നു ശ്രീകുമാര്‍ മേനോന്റെ മറുപടി.

മൂത്തോന്റെ ടീസര്‍ റിലീസ് പ്രഖ്യാപിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ടാണ് മഞ്ജു ആശംസകള്‍ അറിയിച്ചത്. സുഹൃത്തായ ഗീതുവിനും,രാജീവ്, നിവിന്‍ എന്നിവര്‍ക്കും മൂത്തോന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും, സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് മഞ്ജു ട്വീറ്റ് ചെയ്തത്.

പോസ്റ്റ് ഷെയര്‍ ചെയ്ത ഉടന്‍തന്നെ ശ്രീകുമാര്‍ മേനോന്‍ പ്രതികരണവുമായി എത്തി. ‘സിനിമയെ പിന്തുണച്ചു കൊണ്ട് ഇത്രനേരത്തെ തന്നെ ട്വീ്റ്റ് ചെയ്തിരിക്കുന്നു. വളരെ നന്നായിരിക്കുന്നു’ എന്നാണ് ശ്രീകുമാര്‍ മറുപടി നല്‍കിയത്.

ഉടന്‍തന്നെ മറ്റൊരു പ്രതികരണവുമായും സംവിധായകന്‍ രംഗത്തെത്തി. സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും താങ്കളെപ്പോലുള്ള സൂപ്പര്‍ സ്റ്റാറുകളുടെ പിന്തുണ വളരെ അത്യാവശ്യമാണ്. സൂപ്പര്‍ബ്.’ എന്നാണ് ശ്രീകുമാര്‍ മേനോന്‍ രണ്ടാമത് ട്വീറ്റ് ചെയ്തത്. എന്നാല്‍ മഞ്ജുവിനെ ശ്രീകുമാര്‍ മേനോന്‍ ട്രോളിയതാണെന്നും ഒടിയനെയും മഞ്ജു പിന്തുണച്ചിട്ടില്ലേയെന്നും ചോദിച്ച് നിരവധി ആരാധകര്‍ രംഗത്തുവന്നു.

മഞ്ജു ഒടിയനേയും ഇതുപോലെ പിന്തുണച്ചിരുന്നെന്നും ദുബായിലെ ഗ്ലോബല്‍ ലോഞ്ചില്‍ പങ്കെടുക്കുകയും ഇന്റര്‍വ്യൂകള്‍ നല്‍കുകയും ചെയ്തിരുന്നുവെന്ന് ആരാധകര്‍ പറഞ്ഞു. എന്നാല്‍ ആരാധകരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ എത്തിയില്ല.

ഒടിയന്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളില്‍ മഞ്ജു യാതൊരുവിധ പ്രതികരണം നടത്തിയില്ലെന്നും തന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ ഒപ്പം നിന്നില്ലായെന്നും ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പരാതി ഉയര്‍ത്തിയിരുന്നു.

മഞ്ജു വാര്യരോടുള്ള ശത്രുത ഒടിയനെതിരായ സൈബര്‍ ആക്രമണത്തിന് കാരണമാകുന്നുണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പറഞ്ഞിരുന്നു. പരസ്യ ചിത്രങ്ങളിലൂടെ മഞ്ജുവാര്യരുടെ തിരിച്ചുവരവിന് അവസരമൊരുക്കിയത് മുതലാണ് തനിക്കെതിരായ ആക്രമണങ്ങള്‍ തുടങ്ങിയതെന്നും അതിന്റെ ക്ലൈമാക്‌സാണ് ഒടിയനില്‍ എത്തിനില്‍ക്കുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ ഒരു പ്രമുഖ മാധ്യമത്തോട് നേരത്തെ പ്രതികരിച്ചിരുന്നു.

DONT MISS
Top