ജയിലില്‍ വെച്ച് കാര്‍ട്ടൂണ്‍ സിനിമ കാണണം; വേട്ടക്കാരന് വിചിത്രമായ ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി

ചിക്കാഗോ: നൂറോളം മാനുകളെ വേട്ടയാടി കൊന്നയാള്‍ക്ക് അമേരിക്കന്‍ കോടതിയുടെ വിചിത്രമായ ശിക്ഷ. എല്ലാ മാസവും ജയിലില്‍ വെച്ച് ഒരു പ്രാവശ്യം വാള്‍ട്ട് ഡിസ്‌നി നിര്‍മിച്ച ‘ബാംബി’ എന്ന കാര്‍ട്ടൂണ്‍ സിനിമ കാണണം എന്നതാണ് ശിക്ഷ. ഇയാളുടെ തടവ് കാലാവധി രണ്ട് വര്‍ഷമാണ്. കൂടാതെ 36 ലക്ഷത്തോളം രൂപ പിഴയും അടയ്‌ക്കേണ്ടതുണ്ട്.

മിസൗറിയില്‍ നിന്നുമാണ് വേട്ടക്കാരനായ ഡേവിഡ് ബെറി എന്നയാളെ അറസ്റ്റ് ചെയ്തത്. മിസൗറിയില്‍ ഇത്രയധികം മാനുകളെ കൊല്ലുന്നത് ഇതാദ്യമായാണെന്ന് പൊലിസ് പറഞ്ഞു. വേട്ടയാടിപിടിക്കുന്ന മാനുകളുടെ തല മാത്രം അറുത്തെടുക്കുകയും ബാക്കിയുള്ളവ ഉപേക്ഷിക്കുന്നതുമാണ് ഡേവിഡിന്റെ രീതി. താന്‍ ഇതുവരെ കൊന്ന മാനുകള്‍ക്ക് കണക്കില്ലെന്നും ഏകദേശം നൂറോളം മാനുകളെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്നും ഡേവിഡ് കുറ്റസമ്മതത്തില്‍ പറഞ്ഞു.

ഏറെ മാസങ്ങളായുള്ള അന്വേഷണത്തിന്റെ ശ്രമഫലമായാണ് പ്രതിയെ പിടികൂടിയത്. അനധികൃമായി ആയുധം ഉപയോഗിച്ചുവെന്ന കുറ്റവും ചേര്‍ത്താണ് ഇയാള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഈ കാലയളവിലാണ് ജയിലില്‍ വെച്ചുതന്നെ കാര്‍ട്ടൂണ്‍ സിനിമ കാണേണ്ടതും. 1942 ലാണ് വാള്‍ട്ട് ഡിസ്‌നി ‘ബാംബി’ പുറത്തിറക്കിയത്. വേട്ടക്കാരനാല്‍ അമ്മയെ നഷ്ടപ്പെടുന്ന ഒരു മാന്‍കുഞ്ഞിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

DONT MISS
Top