“മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിച്ചത്”; ഏത് രാഷ്ട്രീയമാണ് മഞ്ജു ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്ന് മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: വനിതാ മതിലില്‍ മഞ്ജു വാര്യര്‍ കണ്ട രാഷ്ട്രീയം ഏതെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ മതിലിന് ആദ്യം പിന്തുണയുമായെത്തിയ നടി മഞ്ജു വാര്യര്‍ പിന്നീട് പിന്മാറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ചലച്ചിത്ര നടി മഞ്ജുവാര്യര്‍ പങ്കെടുത്തില്ലെങ്കിലും വനിതാ മതിലിന് ക്ഷീണമൊന്നുമുണ്ടാവില്ലെന്ന് മന്ത്രി എംഎം മണിയും പ്രതികരിച്ചു. അവര്‍ക്ക് ഒരു കലാകാരിയെന്ന നിലയില്‍ ഇഷ്ടമുള്ള തീരുമാനമെടുക്കാം. ആരെയും ആശ്രയിച്ചല്ല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുന്നതെന്നും എംഎം മണി മലപ്പുറത്ത് പറഞ്ഞു. വനിതാ മതില്‍ പൊളിയുമെന്ന് ആരും കരുതേണ്ടതില്ലെന്നും എംഎം മണി മലപ്പുറത്ത് നടന്ന ചടങ്ങില്‍ പറഞ്ഞു.

വനിതാ മതിലിന് പിന്തുണയര്‍പ്പിച്ച മഞ്ജു ഇന്നലെയാണ് വനിതാ മതിലില്‍ നിന്ന് പിന്മാറുന്നുവെന്നും, തന്റെ നിലവിലെ നിലപാട് ഇതാണെന്നും അറിയിച്ചത്.

“സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്.

ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ..”എന്നാണ് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നത്.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതാണ് വനിതാ മതില്‍. അതിനാല്‍ ഇതിനകം തന്നെ മഞ്ജു വാര്യരുടെ ഈ നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച ഒരുപാട് പേര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്.

DONT MISS
Top