കന്നഡയുടെ ജാനുവാകാന്‍ ഭാവന എത്തുന്നു; 96 ഇനി 99 ആയി കന്നഡയിലെത്തും

റാമിന്റെയും ജാനുവിന്റെയും പ്രണയകഥ ഇരുകൈയും നീട്ടിയാണ് തമിഴ്-മലയാള സിനിമാ ആസ്വാദകര്‍ സ്വീകരിച്ചത്. വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 എന്ന ചിത്രം കന്നഡയില്‍ റീമേക്കിന് ഒരുങ്ങുകയാണ്. ജാനുവാകാന്‍ തയ്യാറെടുക്കുന്നത് തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഭാവനയാണ്. പ്രീതം ഗുബ്ബി സംവിധാനം ചെയ്യുന്ന ചിത്രം 99 എന്ന പേരിലായിരിക്കും കന്നഡയിലെത്തുക.

വിജയ് സേതുപതിക്ക് പകരം ഗണേശാണ് 99ല്‍ റാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രീതവും ഗണേശും ഒന്നിക്കുന്നത് നല്ലൊരു പ്രൊജക്ടിന് വേണ്ടിയായിരിക്കും. അതിനാലാണ് ഈ അവസരം താന്‍ ഏറ്റെടുത്തതെന്ന് ഭാവന പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 99 എന്ന പുതിയ ചിത്രത്തെക്കുറിച്ച് ഭാവന വാചാലയായത്. ‘പൊതുവേ റീമേക്കിംഗുകളോട് താത്പര്യമില്ല. എന്നാല്‍ 96 ന്റെ കഥ വല്ലാതെ ആകര്‍ഷിക്കുകയാണുണ്ടായത്. പിന്നെ ഗണേശുമായി വളരെ അടുപ്പമുണ്ട്. ഇതിന് മുന്‍പും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്’, ഭാവന പറഞ്ഞു. റോമിയോ എന്ന കന്നഡ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് 99.

പ്രണയവും വിരഹവും നിറഞ്ഞ ഗൃഹാതുരതയിലേക്കാണ് 96 എന്ന ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്. പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസ്സിലാണ് ഓടിക്കൊണ്ടിരുന്നത്. 96 കന്നഡയില്‍ 99 ആയി എത്തുമ്പോള്‍ റാമിനും ജാനുവിനും എത്രത്തോളം ആരാധകര്‍ സ്വന്തമാകുമെന്ന് കാത്തിരിക്കാം.

DONT MISS
Top