ജി സുധാകരന്‍ പങ്കെടുക്കുന്ന പരിപാടികളെല്ലാം ബഹിഷ്‌കരിക്കും, വനിതാ മതിലിന് പിന്തുണയില്ല: മലയാള ബ്രാഹ്മണ സമാജം


സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിന് മലയാള ബ്രാഹ്മണ സമാജത്തിന്റെ പിന്തുണയില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാജത്തിന്റെ പ്രതിനിധിയെ നവോത്ഥാന സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും സംസാരിക്കാന്‍ അവസരം നല്‍കിയില്ല. ഏകപക്ഷീയമായ നിലപാടുകളാണ് നവോത്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ഹിന്ദുക്കളെ സവര്‍ണ്ണ അവര്‍ണ്ണ വിഭാഗങ്ങളായി ചേരിതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും സമാജം ഭാരവാഹികള്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജന സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടി നടത്തിയ ഗൂഢാലോചനയുടെ സന്തതിയാണ് വനിതാമതിലെന്നും ഇവര്‍ ആരോപിച്ചു. നിരന്തരമായി ബ്രാഹ്മണ സമുദായത്തെ അവഹേളിക്കുന്ന മന്ത്രി ജി സുധാകരന്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളും ബഹിഷ്‌കരിക്കാന്‍ ബ്രാഹമണ സമാജം തീരുമാനിച്ചതായും ഇവര്‍ അറിയിച്ചു. സുധാകരന്റെ ഭാഗത്ത് നിന്നും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ തുടര്‍ന്നാല്‍ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

മലയാള ബ്രാഹ്മണ സമാജം സംസ്ഥാന പ്രസിഡന്റ് ടി എന്‍ നാരായണ ശര്‍മ്മ, വൈസ് പ്രസിഡന്റ് പ്രൊഫ കെ ബാലചന്ദ്ര ശര്‍മ്മ, ജന സെക്രട്ടറി കെ വി ദേവന്‍ ഇളയത്, ജില്ലാ പ്രസിഡന്റ് ടി എന്‍ ബാബുകുമാര്‍, ജില്ലാ സെക്രട്ടറി സി എസ് ഉണ്ണികൃഷ്ണന്‍, പി എന്‍ മോഹന്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

DONT MISS
Top