“റോഡിലെ കുഴികളില്‍ പതിയിരിക്കുന്ന മരണങ്ങള്‍ ഭീകരാക്രമണങ്ങളേക്കാല്‍ കൂടുതല്‍”, ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി

ദില്ലി: ഭീകരാക്രമണങ്ങളില്‍പ്പെട്ട് മരിക്കുന്നവരേക്കാള്‍ റോഡുകളിലെ കുഴികളില്‍ വീണ് മരിക്കുന്നവരാണ് രാജ്യത്ത് ഏറെയെന്ന് സുപ്രിംകോടതി. 14,926 മരണങ്ങളാണ് അഞ്ച് വര്‍ഷം കൊണ്ട് മരണക്കുഴികളില്‍ നിന്നുണ്ടായത്. വിഷയത്തില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.

റോഡ് സുരക്ഷയുടെ കാര്യത്തില്‍ രാജ്യം വളരെ പിന്നിലാണെന്നും കൃത്യമായ നടപടികള്‍ അതിനായി സ്വീകരിക്കേണ്ടതുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങള്‍ക്ക് കാരണമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ജൂലായില്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ച രണ്ട് പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. റോഡ് സുരക്ഷ സമിതിയോട് വിശദമായ അന്വേഷണം നടത്താനും കോടതി ആവശ്യപ്പെട്ടു. റോഡുകള്‍ നിര്‍മിക്കാന്‍ കരാര്‍ ഏറ്റെടുക്കുന്ന ഉദ്ദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നതിനാലാണ് സ്ഥിതിഗതികള്‍ ഇത്ര രൂക്ഷമായതെന്നും കോടതി കുറ്റപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റോഡ് സുരക്ഷാ സമിതിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

DONT MISS
Top