സിബിഐ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല; ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സുപ്രിംകോടതി

ദില്ലി: പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുടെ അനുമതി ഇല്ലാതെ സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രിം കോടതി. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ലെന്നിരിക്കെ അലോക് വര്‍മയെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനിച്ചതെന്തിനെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. അറിയിച്ചാലും സെലക്ഷന്‍ കമ്മിറ്റി ഇടപെടാന്‍ സാധ്യത ഇല്ലായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. കേസില്‍ വാദം ഉച്ചയ്ക്ക് ശേഷവും തുടരും.

രണ്ടു വര്‍ഷത്തെ നിശ്ചിത കാലാവധിയെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായും ചട്ടങ്ങള്‍ പാലിക്കാതെയുമാണ് തന്നെ മാറ്റിയതെന്നായിരുന്നു അലോക് വര്‍മ്മയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന് എതിരായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യങ്ങള്‍. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുമായി സ്ഥാനമാറ്റത്തെപ്പറ്റി ആലോചിക്കണമെന്ന വ്യവസ്ഥ എന്തുകൊണ്ട് ലംഘിച്ചു? അസാധാരണ സാഹചര്യത്തില്‍ തീരുമാനം എടുത്താല്‍ പോലും അതിന് ശേഷം സമിതിയെ അറിയിക്കാമായിരുന്നു എന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ നടപടിയില്‍ ന്യായം വേണം. സെലക്ഷന്‍ കമ്മറ്റിയുമായി കൂടിയാലോചിക്കുന്നതില്‍ എന്തായിരുന്നു ബുദ്ധിമുട്ട്? സര്‍ക്കാര്‍ നടപടികളുടെ സത്ത മുഴുവനായും പാലിക്കപ്പെടണം. അലോക് വര്‍മ്മയ്ക്ക് എതിരെ ഒരു പരാതി മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നിരിക്കെ നടപടി സാഹചര്യത്തിന് യോജിച്ചതാണോയെന്നും കോടതി ചോദിച്ചു. പരസ്പരം റെയ്ഡ് നടത്തി അത്ഭുതപെടുത്തുന്ന അവസ്ഥയില്‍ ആയിരുന്നു തര്‍ക്കമെന്ന് കേന്ദ്ര സര്‍ക്കാരും കേന്ദ്ര വിജിലന്‍സ് കമ്മീഷനും മറുപടി നല്‍കി. ഇടപെട്ടിലായിരുന്നെങ്കില്‍ അത് കോടതിയോട് ചെയ്യുന്ന അനീതിയാകുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

DONT MISS
Top