“ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍”, സംഘപരിവാര്‍ വിഷംവിതയ്ക്കാത്ത മനസുകളിലെ അയ്യന്‍ ദാ ഇങ്ങനെയാണ്; ഗാനവുമായി ബിജിബാലും ഹരിനാരായണനും


ശബരിമലയിലെ യുവതീ പ്രവേശനത്തെ സംബന്ധിച്ച സുപ്രിംകോടതി വിധിയെച്ചൊല്ലി വിവാദങ്ങളുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുമ്പോള്‍ കൃത്യമായ നിലപാട് സ്വീകരിച്ച് കലാകാരന്മാര്‍. സംഗീത സംവിധായകനായ ബിജിബാലും കവി ഹരിനാരായണനും അയ്യപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഗാനവുമായി ഭക്തമനസുകള്‍ കീഴടക്കുകയാണ്.

യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമോ ഇല്ലയോ എന്നുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം ഗാനത്തില്‍ത്തന്നെയുണ്ട്. ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍ എന്ന വരികളില്‍ അയ്യപ്പന്റെ മഹത്വം വരച്ചുകാട്ടുന്നു.

കാടിന്റെ മക്കളില്‍നിന്നും പിടിച്ചെടുത്തതാണ് ശബരിമല എന്ന സൂചനയും വരികളിലുണ്ട്. ആദി മലയന്‍ തന്‍ തപസ്സാല്‍ പടുത്തതാം ദ്രാവിഡ വിഹാരമാണയ്യന്‍ എന്നാണ് ഹരിനാരായണന്‍ കുറിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സമകാലിക രാഷ്ട്രീയം കൃത്യമായി പറഞ്ഞ്, ഒരു കലാകാരന്‍ എങ്ങനെയായിരിക്കണമോ അത്തരത്തില്‍ മാതൃകയാവുകയാണ് ബിജിബാലും ഹരിനാരായണനും.

ഗാനത്തിന്റെ പൂര്ണ രൂപം താഴെ വായിക്കാം.

നീതന്നെയാണു ഞാനെന്നോതി നിൽക്കുന്ന കാനന ജ്യോതിയാണയ്യൻ

മാനവൻ കാണ്മതിന്നപ്പുറം നീളുന്ന പ്രാക്തന സത്യമാണയ്യൻ

കാലക്കരിങ്കല്ലിനങ്ങേവശത്തുള്ള കാടിന്റെ കരളെഴുത്തയ്യൻ

“സ്വാമിയയ്യൻ സ്നേഹഗാമിയയ്യൻ പഞ്ചഭൂതങ്ങൾക്കു നാഥനയ്യൻ”

ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ

ഭേദങ്ങളെല്ലാം വിഭൂതിയായ് മാറുന്ന ആത്മാനുഭൂതിയാണയ്യൻ

ഇരുമുടിയിലല്ല നിൻ ഹൃദയത്തിലാണെന്റെ ഗിരിമുടിയതെന്നോതുമയ്യൻ

ആദി മലയൻ തൻ തപസ്സാൽ പടുത്തതാം ദ്രാവിഡ വിഹാരമാണയ്യൻ

തന്ത്രമന്ത്രാന്ധതയല്ല നിലാവിന്റെ – സ്പന്ദനമാണെനിക്കയ്യൻ

മാലിന്യമെല്ലാം സ്വയം ഏറ്റുവാങ്ങുന്ന നോവിന്റെ പമ്പയാണയ്യൻ

DONT MISS
Top