സിനിമാ ജീവിതത്തിന് തീരശ്ശീല വീഴ്ത്താന്‍ സമയമായെന്ന് കമല്‍ ഹസന്‍

കൊച്ചി: ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2  ഒരുപക്ഷേ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് വെളിപ്പെടുത്തി ഉലകനായകന്‍ കമല്‍ ഹസന്‍. അരനൂറ്റാണ്ടിലേറെയായ അഭിനയ സപര്യക്കാവും ഇതോടെ തിരശ്ശീല വീഴുക. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണ് സിനിമാ ജീവിതത്തില്‍ നിന്ന് വിടവാങ്ങുന്നതെന്ന് അദ്ദേഹം അറിയിച്ചു. പാവപ്പെട്ടവര്‍ക്കുള്ള ഭവന ദാന ചടങ്ങിനായി കിഴക്കമ്പലത്തിലെ ‘ട്വന്റി ട്വന്റി’ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1996ല്‍ കമല്‍ ഹസന്‍-ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇന്ത്യന്‍. സ്വതന്ത്രസമര സേനാനിയായ ഒരാളുടെ പോരാട്ടങ്ങളുടെ കഥയാണ് ഇന്ത്യന്‍. എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രത്തില്‍ മനീഷ കൊയ്‌രാള ആയിരുന്നു നായിക.

വീണ്ടും ഇന്ത്യന്റെ രണ്ടാം പതിപ്പുമായി കമല്‍ ഹസന്‍-ശങ്കര്‍ ടീം എത്തുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. ചിത്രത്തിന്റെ രണ്ടാം പതിപ്പില്‍ കാജല്‍ അഗര്‍വാളാണ് നായിക. ഇപ്പോഴിതാ ഉലക നായകന്റെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന പേരും ഇന്ത്യന്‍2 ന് സ്വന്തം. 2019ല്‍ ചിത്രീകരണം പൂര്‍ത്തിയാവുന്ന സിനിമ 2020 ല്‍ തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്‍, ചിമ്പു എന്നിവരും സിനിമയിലുണ്ടാവുമെന്ന് റിപ്പോര്ട്ടുകളുണ്ട്.

കമല്‍ ഹസന്റെ രാഷ്ട്രീയ പാര്‍ട്ടി മക്കള്‍ നീതി മയ്യം 2019 ല്‍ തമിഴ്‌നാട്ടില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തില്‍ സജീവമാകുന്നതിനൊപ്പം സ്വന്തം നിര്‍മാണ സംരഭമായ രാജ് കമല്‍ ഫിലിംസ് സാമൂഹ്യ പ്രതിബദ്ധതയുള്ള പരിപാടികളില്‍ സജീവമാകുമെന്നും കമല്‍ ഹസന്‍ പറഞ്ഞു.

DONT MISS
Top