ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘ഹൈസിസ്’ വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ് (ഹൈപ്പര്‍പെക്ടല്‍ ഇമേജിംഗ് സാറ്റലൈറ്റ്) വിക്ഷേപിച്ചു. പിഎസ്എല്‍വി സി 43 ലായിരുന്നു വിക്ഷേപണം. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റെറില്‍ നിന്ന് ഇന്ന് രാവിലെ 9.58നാണ് വിക്ഷേപണം നടന്നത്.

ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്തു നിന്ന് പഠന വിധേയമാക്കുക എന്നാതാണ് ഹൈസിസിന്റെ ലക്ഷ്യം. ഭൂമിയുടെ ഉപരിതലത്തിലുള്ള ചിത്രങ്ങള്‍ വളരെ അടുത്തു നിന്ന് ഒപ്പിയെടുക്കാന്‍ സാധിക്കുമെന്നതാണ് ഹൈസിസിന്റെ പ്രത്യേകത. തീരദേശ മേഖലയുടെ നിര്‍ണയം ഉള്‍നാടന്‍ ജലസംവിധാനം തുടങ്ങിയവയ്ക്കും സൈനിക ആവശ്യങ്ങള്‍ക്കുമായിരിക്കും ഇതില്‍ നിന്നുള്ള വിവരങ്ങള്‍ പ്രയോജനപ്പെടുന്നത്.

അഞ്ച് വര്‍ഷമാണ് ഹൈസിസിന്റെ കാലാവധി. പിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ വിക്ഷേപണ വാഹനമായ സി 43 ന് 380 കിലോഗ്രാം ഭാരമാണുള്ളത്. ഭൂമിയില്‍ നിന്ന് 636 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് ഹൈസിസ് കുതിച്ചത്. 112 മിനുട്ടാണ് വിക്ഷേപണത്തിന്റെ ദൈര്‍ഘ്യം.

അമേരിക്കയുടെ 23 ഉപഗ്രഹങ്ങളും നെതര്‍ലാന്റെ്, കാനഡ, സ്വിസര്‍ലാന്‍ഡ്, കൊളംബിയ, മലേഷ്യ, ഫിന്‍ലാന്റെ് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമാണ് ഹൈസിസിനോടൊപ്പം വിക്ഷേപിച്ചത്. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ ഒരെണ്ണം മൈക്രോയും ബാക്കിയുള്ളവ നാനോ ഉപഗ്രങ്ങളുമാണ്. ഐഎസ്ആര്‍ഒ യുടെ ഈ മാസത്തെ രണ്ടാമത്തെ വിക്ഷേപണ ദൗത്യമാണിത്.

DONT MISS
Top