ആള്‍ട്യൂറാസ് ജി4 അവതരിപ്പിച്ചു; ഫോര്‍ച്യൂണറിനും എന്‍ഡവറിനും പുതിയ എതിരാളി

മഹീന്ദ്ര തങ്ങളുടെ ഏറ്റവും വിലയേറിയ എസ്‌യുവിയായ ആള്‍ട്യൂറാസ് ജി4 അവതരിപ്പിച്ചു. ടൊയോട്ട ഫോര്‍ച്യൂണറിനും ഫോര്‍ഡ് എന്‍ഡവറിനും വെല്ലുവിളിയുയര്‍ത്താന്‍ എല്ലാത്തരത്തിലും ആള്‍ട്യൂറാസിന് സാധിക്കും. ഇതോടെ വിദേശ കാര്‍ നിര്‍മാതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

സാംഗ്യോംഗ് റെക്‌സ്റ്റണ്‍ എന്ന കൊറിയന്‍ മോഡലിന്റെ മഹീന്ദ്ര വെര്‍ഷനാണ് ആള്‍ട്യൂറാസ് ജി4. നേരത്തെ റെക്‌സ്റ്റണ്‍ ഇവിടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും വേണ്ടത്ര വിജയം നേടാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് സ്വന്തം ബ്രാന്‍ഡിലും ബാഡ്ജിംഗിലും റെക്സ്റ്റണെ ഇന്ത്യയിലെത്തിക്കാന്‍ മഹീന്ദ്ര തീരുമാനിച്ചത്.

ഗ്രില്ലും വീലുകളുമാണ് ഒറ്റനോട്ടത്തില്‍ പുതിയ റെക്സ്റ്റണുമായി ആള്‍ട്യൂറാസിനുള്ള മാറ്റങ്ങള്‍. മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ ഗ്രില്ലും ലോഗോയും ആള്‍ട്യൂറാസിനെ ഇന്ത്യക്കാരനാക്കുന്നു. അകത്തളവും അടിസ്ഥാനപരമായി റെക്‌സ്റ്റണ്‍ തന്നെ. ആഢംബരത്തിനും കരുത്തിനും ഭംഗിക്കും ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ ആള്‍ട്യൂറാസ് അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ഫീച്ചറുകളിലും സുരക്ഷയിലും ആരോടും മത്സരിക്കാന്‍ ആള്‍ട്യൂറാസ് തയാറാണ്. ഒമ്പത് എയര്‍ബാഗുകളാണ് വാഹനത്തിലുള്ളത്. എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം എന്നുതുടങ്ങി സുരക്ഷയില്‍ വിട്ടുവീഴ്ച്ചകളില്ല.

2.2 ലിറ്റര്‍ നാല് സിലണ്ടര്‍ എഞ്ചിന്‍ 178 ബിഎച്ച്പി കരുത്തും 420എന്‍എം ടോര്‍ക്കും നല്‍കും. ഏഴ് ഗിയര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മെഴ്‌സിഡസ് നിര്‍മിച്ച് നല്‍കിയിരിക്കുന്നു. ടുവീല്‍/ഫോര്‍വീല്‍ മോഡലുകള്‍ ലഭിക്കും.

ടുവീല്‍ ഡ്രൈവ് വാഹനത്തിന് 26.95 ലക്ഷം രൂപയും ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തിന് 29.95 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ഫോര്‍ച്യൂണറിനോടും എന്‍ഡവറിനോടും മത്സരിക്കാന്‍ ഒരു ഇന്ത്യന്‍ എസ്‌യുവി ഒരുങ്ങുമ്പോള്‍ വിലയില്‍ പ്രതീക്ഷിച്ചിരുന്ന ‘മഹീന്ദ്ര മാജിക്’ ഉണ്ടായില്ല എന്നതാണ് സത്യം. അതില്‍ വാഹന പ്രേമികള്‍ക്ക് അല്‍പം നിരാശയുണ്ടാകാനും വഴിയുണ്ട്.

27 ലക്ഷത്തിന് ഫോര്‍ച്യൂണറിന്റേയും 25 ലക്ഷത്തിന് എന്‍ഡവറിന്റേയും വിലകള്‍ക്ക് തുടക്കമാകുന്നു. ഇസുസു തങ്ങളുടെ എസ്‌യുവിയായ എംയുഎക്‌സിന് 26 ലക്ഷം എക്‌സ് ഷോറൂം വിലയിട്ടിരിക്കുന്നു. ഈ നിരയിലേക്കാണ് ആള്‍ട്യൂറാസുമായി മഹീന്ദ്ര എത്തുന്നത്. തുറന്നുപറഞ്ഞാല്‍, ഇവയേക്കാള്‍ കൂടുതലായി ആള്‍ട്യൂറാസ് എന്താണ് തങ്ങള്‍ക്ക് തരുന്നത് എന്ന് എസ്‌യുവി പ്രേമികള്‍ പലവട്ടം ചിന്തിക്കുകതന്നെ ചെയ്യും. അതിനൊരുത്തരം മഹീന്ദ്രയില്‍നിന്ന് വാഹന വിപണി പ്രതീക്ഷിക്കുന്നുണ്ട്.

DONT MISS
Top