വൈത്തിരിയില്‍ കാട്ടാന ശല്യം രൂക്ഷം; നടപടി സ്വീകരിക്കാതെ അധികൃതര്‍

കല്‍പ്പറ്റ: വയനാട് വൈത്തിരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായിട്ടും പ്രതിരോധ നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് തയ്യറാകുന്നിലെന്ന് ആരോപണം. കൃഷി നാശത്തിനു പുറമെ ജനവാസ മേഖലയില്‍ കാട്ടാനകള്‍ വരുന്നത് പതിവായതോടെ ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

വൈത്തിരി പഞ്ചായത്തിലെ ഒലിവുമല, ലക്കിടി, ചുണ്ടേല്‍, അമ്മാറ എന്നിവടങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. സന്ധ്യ മയങ്ങിയാല്‍ ജനവാസ മേഖലയിലെത്തുന്ന കാട്ടാനയെ ഓടിക്കേണ്ട ഗതികേടിലാണ് കര്‍ഷകരിപ്പോള്‍. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി സ്ഥലത്തെ കാര്‍ഷിക വിളകളാണ് നശിച്ചത്. ലക്ഷങ്ങളുടെ ക്യഷിനാശമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. വീടുകളുടെ അടുത്തുവരെ കാട്ടാന എത്തിയതോടെ ജിവിക്കാന്‍ കഴിയുന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വനാതിര്‍ത്തിയില്‍ വൈദ്യുതി വേലിയും, ട്രഞ്ചും നിര്‍മ്മിച്ചാല്‍ വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ കഴിയും. എന്നാല്‍ ജനവാസമേഖലയില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമായിട്ടും പ്രതിരോധ നടപടി സ്വീകരിക്കാനും നടപടിയില്ല. വനം വകുപ്പിന്റെ അവഗണനക്കെതിരെ പ്രക്ഷോഭമാരംഭിക്കാനാണ് നാട്ടുക്കാരുടെ തിരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top