ഗോവയ്ക്കിത് ചലച്ചിത്രോത്സവത്തിന്റെ കാലം; 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നവംബര്‍ 20ന് തിരശ്ശീല ഉയരും

പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 20 മുതല്‍ 28 വരെ പനാജിയില്‍ നടക്കും. 68 രാഷ്ട്രങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ‘ദ ആസ്‌പേണ്‍ പേപ്പേര്‍സ്’ ഉദ്ഘാടനചിത്രമായി എത്തുന്നു. ഷാജി എന്‍ കരുണിന്റെ ‘ഓള്’ ആണ് ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടനചിത്രം. പ്രശസ്ത സംവിധായകന്‍ ഇഗ്മര്‍ ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകവിഭാഗങ്ങളും ഉണ്ടാകും. ഇസ്രായേല്‍ ചിത്രങ്ങള്‍ക്കു മാത്രമായുള്ള പ്രത്യേക വിഭാഗം ഇത്തവണത്തെ ചലച്ചിത്രമേളയുടെ പ്രത്യേകതയാണ്.

ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച 15 ചിത്രങ്ങളടക്കം 67 സിനിമകളാണ് ലോകസിനിമകളുടെ പനോരമ വിഭാഗത്തിലുള്ളത്. മലയാള ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ജയരാജിന്റെ ഭയാനകം, എബ്രിഡ് ഷൈനിന്റെ പൂമരം റഹിം ഖാദറിന്റെ മക്കന എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. ഹ്രസ്വ ചിത്ര വിഭാഗത്തില്‍ മിഡ്‌നൈറ്റ് റണ്‍, സ്‌വോര്‍ഡ് ഓഫ് ലിബര്‍ട്ടി, ലാസ്യം എന്നീ മലയാള ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

സംവിധായകന്‍ മേജര്‍ രവി അംഗമായിട്ടുള്ള ജൂറി ബോര്‍ഡാണ് മലയാള ചലച്ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മാണ്ഡവി നദീതീരത്തെ സ്ഥിരം വേദിയിലാണ് മേള അരങ്ങേറുന്നത്.

DONT MISS
Top