പികെ ശശിക്കെതിരായി വീണ്ടും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി ഡിവൈഎഫ്‌ഐ വനിതാ നേതാവ്; സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതി അട്ടിമറിച്ചെന്ന് ആരോപണം

പാലക്കാട്: പികെ ശശിക്കെതിരായി വീണ്ടും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി ഡിവൈഎഫ്‌ഐ വനിതാ നേതാവ്. സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതി അട്ടിമറിച്ചെന്ന് ആരോപിച്ചാണ് പുതിയ പരാതി. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് സംശയാസ്പതമായ പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും പരാതിയില്‍ പറയുന്നു.

കേന്ദ്ര നേതൃത്വത്തിന് നല്‍കി പുതിയ പരാതിക്കൊപ്പം ശബ്ദരേഖയും വനിതാ നേതാവ് കൈമാറിയിട്ടുണ്ട്. ആരോപണങ്ങള്‍ക്കുളള തെളിവായിട്ടാണ് ശബ്ദരേഖ നല്‍കിയിട്ടുളളത്. സംസ്ഥാന നേതൃത്വത്തിന് താന്‍ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

പാര്‍ട്ടി അന്വേഷണം നടക്കുന്നതിനിടെ മുഖ്യമന്ത്രിയും എകെ ബാലനും ശശിക്കൊപ്പം വേദി പങ്കിട്ടു. പാലക്കാട് സിപിഐഎം നടത്തുന്ന കാല്‍നട ജാഥയ്ക്ക് നേതൃത്വം നല്‍കാനും പികെ ശശിയെ നിയോഗിച്ചു. തന്റെ പരാതി പിന്‍വലിപ്പിക്കുന്നതിനായി പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെയുളളവര്‍ ശ്രമിക്കുന്നതായും കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ വനിതാ നേതാവ് ആരോപിക്കുന്നു.

കഴിഞ്ഞ മാസം പകുതിയോടെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പാര്‍ട്ടി നേതൃത്വത്തിന് ആദ്യ പരാതി നല്‍കുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് തനിക്കെതിരെ പികെ ശശി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top