‘അമ്മ’ സംഘടന അബുദാബിയില്‍ വച്ച് നടത്തുന്ന സ്റ്റേജ് ഷോയിലേക്ക് താരങ്ങളെ വിട്ടുനല്‍കില്ലെന്ന നിലപാടിലുറച്ച് നിര്‍മ്മാതാക്കളുടെ സംഘടന


കൊച്ചി: ‘അമ്മ’ സംഘടന അബുദാബിയില്‍ വച്ച് നടത്തുന്ന സ്റ്റേജ് ഷോയിലേക്ക് താരങ്ങളെ വിട്ടു നല്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷൂട്ടിങ്ങ് നിര്‍ത്തിവച്ച് താരങ്ങളെ വിട്ടു നല്‍കിയാല്‍ നിര്‍മ്മാതാക്കള്‍ക്ക് ഭീമമായ നഷ്ടമുണ്ടാകുമെന്ന് കാണിച്ച് നിര്‍മ്മാതാക്കളുടെ സംഘടന അമ്മ സംഘടനയ്ക്ക് കത്ത് നല്കിയിരുന്നു. എന്നാല്‍ ഇതിന് രേഖാമൂലം മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സിനിമ നിര്‍മ്മാതാക്കളുടെ അടിയന്തിര യോഗം ഇന്ന് കൊച്ചിയില്‍ ചേര്‍ന്നത്.

പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 കോടി രൂപ നല്കുന്നതിനായി ഡിസംബറില്‍ അബുദാബിയില്‍ വച്ച് സ്റ്റേജ് ഷോ സംഘടിപ്പിക്കാനാണ് അമ്മ സംഘടന തീരുമാനിച്ചിരിക്കുന്നത്. ഇതിലേക്ക് താരങ്ങളെ വിട്ടു നല്കില്ല എന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുടെ സംഘടന. അബുദാബിയില്‍ വച്ച് നടക്കുന്ന സ്റ്റേജ് ഷോയില്‍ 6കോടി രൂപയാണ് സംഘടനയ്ക്ക ലഭിക്കുന്നത്. ഇതില്‍ നിന്നും 5കോടി രൂപ മാത്രമാണ് സര്‍ക്കാരിന് നല്കുന്നത്. 1കോടി രൂപ നിര്‍മ്മാതക്കളുടെ സംഘടനയുടെ ഓഫീസ് നിര്‍മ്മാണത്തിന് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടന അമ്മ സംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് സൂചന. മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നു. താന്‍ തിരിച്ചു വന്നാല്‍ ഉടന്‍ തന്നെ നടപടി ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. എന്നാല്‍ രേഖാമൂലം കത്ത് കിട്ടണമെന്നാണ് ഇവരുടെ ആവശ്യം.

ഒരു വര്‍ഷം ഇരുന്നൂറ് കോടി രൂപയാണ് താരങ്ങള്‍ക്ക് അഭിനയിക്കുന്നതിന് ശമ്പള ഇനത്തില്‍ നല്‍കുന്നത്. ഈ പണത്തില്‍ നിന്ന് 5 കോടി സര്‍ക്കാറിന് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. അബുദാബിയില്‍ വച്ച് നടക്കുന്ന സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് റിഹേഴ്സലിനും പ്രോഗ്രാമിനുമായി താരങ്ങളെ ദിവസങ്ങളോളം വിട്ടു കൊടുത്താല്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്. മോഹന്‍ലാല്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയതിന് ശേഷം ചര്‍ച്ച നടത്തി പ്രശ്‌നം രമ്യതയില്‍ തീര്‍ക്കാനാണ് ശ്രമം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top