മുപ്പത് മിനിട്ടില്‍ അയ്യായിരത്തില്‍പ്പരം ഡൗണ്‍ലോഡുകള്‍; ‘ഒടിയന്‍’ ആപ്പ് സെര്‍വര്‍ ക്രാഷായി

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഒടിയന്‍’ . ഒടിയന്‍ മാണിക്ക്യനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇന്നലെ ‘ ഒടിയന്‍ ആപ്പ് ‘ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ആപ്പ് സെര്‍വര്‍ ക്രാഷാവുകയാണ് ഉണ്ടായത്. ആരാധകരുടെ ആവേശത്തോടെയുള്ള തള്ളിക്കയറ്റമാണ് ആപ്പ് തകരാറിലാക്കിയത്. ആപ്പ് പുറത്തിറക്കി അരമണിക്കൂറില്‍ അയ്യായിരത്തില്‍പ്പരം ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

ആപ്പ് തകരാറിലായതോടെ പ്രേക്ഷകര്‍ നിരാശയിലായിരിക്കുകയാണ്.പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്നും ആപ്പ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. ചിത്രത്തിന്റെ ‘ന്യൂ ലുക്ക് പോസ്റ്ററും’ ഇന്നലെ പുറത്തു വിട്ടിരുന്നു. മോഹന്‍ലാലും മഞ്ജുവാര്യരുമാണ് ന്യൂ ലുക്ക് പോസ്റ്റര്‍ തങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടത്.

മധ്യകേരളത്തില്‍ നിലനിന്നിരുന്ന പ്രധാന മിത്തുകളിലൊന്നാണ് ഒടിവിദ്യ. ഒരേ സമയം പലരൂപത്തില്‍ പരകായ പ്രവേശനം ചെയ്യാന്‍ കഴിയുന്ന ഒടിയനിലൂടെ വിവിധ വേഷപ്പകര്‍ച്ചകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 30 മുതല്‍ 65 വയസ്സു വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ ‘മാണിക്യന്‍’ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

സിനിമ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ ഒടിയനും ഇടം നേടിയിരുന്നു. പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ ശ്രദ്ധേയനായ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഡിസംബര്‍ രണ്ടാം വാരത്തോടെ പുറത്തിറങ്ങും.

DONT MISS
Top