രോഹിതിന്റെ ദീപാവലി വെടിക്കെട്ട്; ഇന്ത്യയ്ക്ക് വിജയം, പരമ്പര


ലഖ്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20ലും ഇന്ത്യയ്ക്ക് വിജയം. 20 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 195 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയ്‌ക്കെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ 124 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് കളികളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി.

61 പന്തില്‍ 111 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുന്തൂണായത്. 7 സിക്‌സും 9 ബൗണ്ടറിയും നേടിയ ഇന്ത്യന്‍ നായകന്‍ തനിക്കുള്ള ഹിറ്റ്മാന്‍ എന്ന വിശേഷണം വീണ്ടും ശരിവച്ചു. ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്കായുള്ള വെടിക്കെട്ട്തന്നെയാണ് രോഹിത് കാഴ്ച്ചവച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ഒരവസരത്തിലും മികച്ച ബാറ്റിംഗ് കൂട്ടുകെട്ട് ഉണ്ടാക്കാനായില്ല. 23 റണ്‍സെടുത്ത ഡാരന്‍ ബ്രാവോ മാത്രമാണ് പൊരുതാന്‍ കുറച്ചെങ്കിലും കൂട്ടാക്കിയത്. ഓവറുകള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും വിന്‍ഡീസിന് ഒമ്പത് വിക്കറ്റുകളും നഷ്ടമായിരുന്നു. ഇതോടെ ഇന്ത്യ 71 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി.

DONT MISS
Top