ഇവിടെ അച്ചടിക്കുന്നത് പെണ്‍ കരുത്തിന്റെ സ്വപ്നങ്ങള്‍

ച്ചടിരംഗത്ത് പെണ്‍കരുത്തിന്റെ മുദ്ര പതിപ്പിച്ച് മുന്നേറുകയാണ് വയനാട് വടുവന്‍ചാലിലെ മുദ്ര പ്രിന്റിംഗ് പ്രസ്സിലെ ഒരുകൂട്ടം സ്ത്രീകള്‍. ഇവിടെ അച്ചടിക്കുന്നത് കേവലം നോട്ടീസും പുസ്തകങ്ങളും മാത്രമല്ല. ഒരു കൂട്ടം സ്ത്രീകളുടെ സ്വപ്നങ്ങളും കൂടിയാണ്. കുടുംബശ്രീയുടെ കീഴില്‍ പ്രവവര്‍ത്തിക്കുന്ന പ്രിന്റിംഗ് പ്രസ്സ് നടത്തുന്നത് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ്.

കുടുംബശ്രീയില്‍ നിന്നും ലഭിച്ച ധനസഹായം ഉപയോഗിച്ച് 2009 ലാണ് മുദ്ര പ്രവര്‍ത്തനമാരംഭിച്ചത്. നീരോളിവളപ്പില്‍ സുമതിയുടെ നേതൃത്വത്തിലുള്ള മൂന്ന് സ്ത്രീകളാണ് സ്ഥാപനത്തിന്റെ സജീവ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രിന്റിംഗ് ടെക്‌നോളജിയില്‍ പ്രാവീണ്യം നേടിയ സുമതിക്കൊപ്പം യുവശ്രീ പദ്ധതി പ്രകാരം ഉള്‍പ്പെടുത്തിയ രണ്ട് യുവാക്കളും യൂണിറ്റിന്റെ ഭാഗമായുണ്ട്.

വടുവന്‍ചാല്‍ ടൗണിലെ ഇടുങ്ങിയ മുറിയില്‍ ഏറെ പരിമിതികളോടെയായിരുന്നു പ്രസ്സിന്റെ തുടക്കം. നിരവധി വെല്ലുവിളികള്‍ നേരിട്ടെങ്കിലും പതറാതെ പിടിച്ചുനിന്നു. തുടക്ക കാലത്തെ പ്രധാന മാര്‍ക്കറ്റ് കല്‍പ്പറ്റയില്‍ മാത്രമായിരുന്നു. അവിടെ നിന്ന് അനുബന്ധ സാധനങ്ങളും മറ്റും വടുവന്‍ചാലില്‍ എത്തിച്ചിരുന്നത് ഏറെ ബുദ്ധിമുട്ടിയായിരുന്നെന്ന് സുമതി പറഞ്ഞു.

“വര്‍ഷങ്ങള്‍ക്ക് മുമ്പ് കാറ്റത്തും മഴയത്തും പ്രിന്റിംഗ് മെഷീന്‍ കേടായതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയായത്. ഏറെ നാള്‍ പ്രന്റിംഗ് നിര്‍ത്തിവെച്ചു. മെഷീന്‍ നന്നാക്കാന്‍ പണമില്ലാതെ എന്തുചെയ്യണമെന്നറിയാതെ എല്ലാവരും വീട്ടിലിരുന്ന സമയത്തായിരുന്നു കുടുംബശ്രീയുടെ സഹായഹസ്തം വീണ്ടും ഞങ്ങള്‍ക്ക് നേരെ നീളുന്നത്. അന്ന് ലഭിച്ച ആ പ്രോത്സാഹനമാണ് ഇന്ന് ഞങ്ങളുടെ ജീവിതമെന്നും” സുമതി പറഞ്ഞു.

ജില്ലയിലെ മറ്റു പ്രസ്സുകളിലേക്കാലും പത്ത് ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ഇവര്‍ സേവനങ്ങള്‍ നല്‍കുന്നത്. ബുക്ക്‌ ബൈന്റിംഗ്, വിവിധതരം പ്രിന്റിംഗ്, ക്ഷണക്കത്തുകള്‍, നോട്ടീസ് തുടങ്ങിയ എല്ലാവിധ ജോലികളും ഇവര്‍ ചെയ്യുന്നു. പ്രിന്റിംഗ് മേഖലയിലെ അത്യാധുനിയ സംവിധാനങ്ങളും കൈവരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലാണിവര്‍.

DONT MISS
Top