ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം; ഭാര്യയും കാമുകനും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റിലായി

പ്രതീകാത്മക ചിത്രം

ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഭാര്യയും കാമുകനും ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായി. തിരൂര്‍ സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനെ കൊല്ലുന്നതിന് ക്വട്ടേഷന്‍ നല്‍കുകയും വധശ്രമം പരാജയപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തത്.

തൃശ്ശൂര്‍ വടക്കാഞ്ചേരി റോഡില്‍വച്ച് ഒരാഴ്ച്ച മുമ്പാണ് കൃഷ്ണകുമാര്‍ എന്നയാള്‍ക്കുനേരെ വധശ്രമമുണ്ടായത്. പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു സംഭവം. റോഡ് മുറിച്ചുകടന്ന കൃഷ്ണകുമാറിനെ വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍ പ്രവേശിക്കപ്പെട്ട കൃഷ്ണകുമാറില്‍നിന്ന് പൊലീസ് മൊഴിയെടുക്കവെയാണ് ഭാര്യയുമായി പ്രശ്‌നമുണ്ട് എന്ന സൂചന പുറത്തുവന്നത്.

തുടര്‍ന്ന് തിരൂര്‍ ഭാഗത്തുവച്ച് വാഹനവും മൂന്ന് പ്രതികളും പൊലീസ് കസ്റ്റഡിയിലായി. ഇവരെ ചോദ്യം ചെയ്തതനുസരിച്ചാണ് സംഭവം ക്വട്ടേഷനാണെന്ന് തെളിഞ്ഞത്. കോഴിക്കോട് സ്വദേശിയായ ബസ് ഡ്രൈവര്‍ സുരേഷിനുവേണ്ടിയാണ് ക്വട്ടേഷന്‍ ഇവര്‍ ഏറ്റെടുത്തത്. സുരേഷിന്റെ കാമുകിയുടെ ഭര്‍ത്താവിനെയാണ് വധിക്കേണ്ടത് എന്ന് അറിയിച്ചിരുന്നു. നാല് ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്.

തുടര്‍ന്ന് കൃഷ്ണകുമാറിന്റെ ഭാര്യയായ സുജാതയേയും കാമുകന്‍ സുരേഷിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത്ത് ഡി, ആനന്ദ് കെപി, എപി മുകുന്ദന്‍, എഎസ്‌ഐ സെല്‍വകുമാര്‍, എസ് സി പി ഒ മനോജ്, സിപിഒമാരായ അരുണ്‍ കെഎം, സതീഷ് ഐജി, പ്രമോദ്, മനീഷ്, രമ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

DONT MISS
Top