പുതിയ സാന്‍ട്രോ എത്തിക്കഴിഞ്ഞു; പഴയ കറുത്തകുതിരയില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ച് ഹ്യുണ്ടായ്

ഹ്യുണ്ടായ് എന്ന ബ്രാന്‍ഡിനെ കുടുംബ ഉപഭോക്താക്കള്‍ക്ക് പരിചിതമാക്കിയത് സാന്‍ട്രോ എന്ന ഹാച്ച്ബാക്കാണെന്ന് ഉറപ്പിച്ചുപറയാം. മാരുതിയുടെ ചെറുകാറുകള്‍ നിരത്ത് വാഴുന്ന കാലത്ത് സാന്‍ട്രോകള്‍ പുതുചരിത്രം കുറിച്ചു. പിന്നീട് പുതുക്കിയ മോഡലുകള്‍ എത്തിയപ്പോഴും അഴകിന്റെയും സൗകര്യങ്ങളുടേയും കാര്യത്തില്‍ ഒപ്പമുള്ളവര്‍ക്കും ഒരുപടി മുകളിലായിരുന്നു സാന്‍ട്രോ. ഹ്യുണ്ടായ് എന്ന ബ്രാന്‍ഡിന്റെ എക്കാലത്തേയും അഭിമാനതാരമായ ഈ കറുത്തകുതിരയില്‍ കമ്പനി വീണ്ടും വിശ്വാസമര്‍പ്പിക്കുകയാണ്.

പഴയതില്‍നിന്നും അടിമുടി മാറിയാണ് വരവ്. പേരിലൊഴിച്ച് മറ്റൊരു സാമ്യവും ആദ്യ കാഴ്ച്ചയില്‍ ഇല്ല. ഉത്പാദനം നിര്‍ത്തിയ പഴയ ഐ10 മോഡലുമായി അവിടവിടെ ചില സമാനതകള്‍ ഉണ്ടെന്നും പറയാം. ഹ്യുണ്ടായ് മറ്റൊരു മോഡലുമായും പങ്കുവയ്ക്കാത്ത പ്ലാറ്റ്‌ഫോമിലാണ് പുതിയ സാന്‍ട്രോ കെട്ടിപ്പടുത്തിരിക്കുന്നത്. ഒതുക്കമുള്ള ഒരു കുടുംബ കാര്‍ എന്ന് തോന്നുന്ന തരത്തിലുള്ള ഡിസൈന്‍.

അകത്തളം കൂടുതല്‍ ആധുനികമാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രാരംഭ വകഭേദത്തിലും രണ്ട് എയര്‍ബാഗും എബിഎസും ഇടംപിടിച്ചിരിക്കുന്നു. 69 ബിഎച്ച്പി കരുത്തുള്ള 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തല്‍ക്കാലം കേരളത്തില്‍ ലഭ്യമാവുക. 20.3 കിലോമീറ്റര്‍ മൈലേജ് തരാന്‍ ഈ എഞ്ചിന് സാധിക്കും.

ആദ്യമായി എഎംടി ഗിയര്‍ബോക്‌സ് ഹ്യുണ്ടായ് അവതരിപ്പിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. നിലവിലുള്ള എഎംടികളില്‍നിന്നും ആധുനികമായിരിക്കും ഇവ. സിവിടി ഗിയര്‍ ബോക്‌സുകള്‍ നല്‍കുന്ന ഡ്രൈവിംഗ് സുഖം ഇവയും തരുമെന്ന് ഹ്യുണ്ടായ് അവകാശപ്പെടുന്നു. 3.89 ലക്ഷം മുതല്‍ 5.46 ലക്ഷം വരെയാണ് വില. പ്രീബുക്കിംഗ് സമയത്തുതന്നെ കാല്‍ ലക്ഷത്തിലേറെ ബുക്കിംഗ് ലഭിച്ച ഈ ചെറുവണ്ടിക്ക് വിശ്വാസം ആര്‍ജിക്കാന്‍ കയ്യിലുള്ള സാന്‍ട്രോ എന്ന പേര് തന്നെയാണ് ഏറ്റവും വലിയ പ്ലസ് പോയന്റ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top