കേസുകള്‍ മുടങ്ങിക്കിടക്കുന്നത് നിയമ സംവിധാനത്തിന് അപകീര്‍ത്തി; ശുദ്ധികലശത്തിനൊരുങ്ങി ചീഫ് ജസ്റ്റിസ്

ദില്ലി: സുപ്രിംകോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും മുതിര്‍ന്ന ന്യായാധിപന്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം കൈമാറി. കേസുകള്‍ മുടങ്ങിക്കിടക്കുന്നത് നിയമ സംവിധാനത്തിന് അപകീര്‍ത്തികരമാണെന്ന് അദ്ദേഹം പറഞ്ഞു.

പത്തോളം മാര്‍ഗനിര്‍ദ്ദേശങ്ങളാണ് അദ്ദേഹം മറ്റ് ന്യായാധിപന്മാരുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്. കോടതിയുടെ പ്രവര്‍ത്തന ദിവസങ്ങളില്‍ ലീവ് എടുക്കരുത്. പ്രവര്‍ത്തന സമയങ്ങളില്‍ കോടതി മുറിയില്‍ ഉണ്ടാകണം. ജോലികള്‍ ചെയ്യുന്നതില്‍ മാത്രം ശ്രദ്ധകൊടുക്കണം. ജുഡീഷ്യറിയെ അഴിമതിയില്‍നിന്ന് മുക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജുഡീഷ്യറിയിലെ അഴിമതി വച്ചുപൊറുപ്പിക്കാന്‍ സാധിക്കാത്തതാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ജോലി ചെയ്യാന്‍ മടികാണിക്കുന്ന ജഡ്ജിമാരെ പിന്‍വലിക്കണം. മികച്ച വേതനം ജഡ്ജിമാര്‍ക്കും വേണം. അല്ലെങ്കില്‍ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ടേക്കാം. ജുഡീഷ്യറിയില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണം. അല്ലെങ്കില്‍ അത് മുഴുവന്‍ സംവിധാനത്തേയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top