ഇന്ത്യന്‍ ഭരണഘടന കത്തിക്കണമെന്ന് ബിജെപി നേതാവ്; ഇതുവരെ പരസ്യമാക്കാത്ത ലക്ഷ്യം ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ പുറത്തുചാടി; കയ്യടികളോടെ സ്വീകരിച്ച് അണികള്‍ (വീഡിയോ)

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രിംകോടതി വിധിക്കെതിരെ ബിജെപിയുടെ സമരനാടകം തുടരവെ രഹസ്യ അജണ്ടകള്‍ വെളിയില്‍ വിട്ട് ബിജെപി നേതാവ്. ഇന്ത്യയുടെ ഭരണഘടന കത്തിക്കണമെന്നാണ് നേതാവ് ആഹ്വാനം ചെയ്തത്.

ഒക്ടോബര്‍ ഒന്നിന് ബിജെപിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തില്‍ പത്തനംതിട്ടയിലെ കുമ്പഴയില്‍ സംഘടിപ്പിച്ച സമരത്തിനിടെയാണ് പത്തനംതിട്ട കോടതിയിലെ അഭിഭാഷകന്‍ കൂടിയായ അഡ്വ. മുരളീധരന്‍ ഉണ്ണിത്താന്റെ രാഷ്ട്രവിരുദ്ധ പ്രസംഗമുണ്ടായത്. പ്രസംഗം കേട്ടുനിന്ന സമരക്കാര്‍ മുരളീധരന്‍ ഉണ്ണിത്താന്റെ വികല ആവശ്യത്തെ കയ്യടിയോടെയാണ് സ്വീകരിച്ചത്

ഈ രാജ്യത്തെ ജനങ്ങള്‍ അന്തസ്സായി ജീവിക്കുന്നത് ഭരണഘടനയും ഐപിസിയും സിആര്‍പിസിയും കണ്ടിട്ടല്ലെന്നും നമ്മുടെ സംസ്‌കാരമാണ് നമ്മെ നയിക്കുന്നതെന്നും ഇയാള്‍ പറയുന്നു. കോട്ടിട്ട സായിപ്പന്‍മാര്‍ എഴുതിയ ഈ ‘പണ്ടാരം’ നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് മുരളീധരന്‍ ഉണ്ണിത്താന്റെ വാദം. തുടര്‍ന്ന് ഭരണഘടന ചുടേണ്ട കാലം കഴിഞ്ഞെന്നും ചുടുന്ന കാലം വരുമെന്നതില്‍ സംശയമില്ലെന്നും ഇയാള്‍ പറയുന്നു.

ഇന്ത്യന്‍ ഭരണഘടനയോടുള്ള ബിജെപി സംഘപരിവാറുകാരുടെ നിലപാട് ഇതാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടന ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ക്ഷുദ്രശക്തികള്‍ ഭരണഘടനയെ തകര്‍ത്തേക്കും എന്ന ഭീതിയും രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്. ഈ സംശയത്തിന് ആക്കം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ബിജെപി നേതാവിന്റെ ആഹ്വാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top