വയനാട് വെള്ളമുണ്ടയില്‍ വ്യാജമദ്യം കഴിച്ച് ബന്ധുക്കളായ മൂന്ന് പേര്‍ മരിച്ചു

വയനാട്: വയനാട് വെള്ളമുണ്ടയില്‍ വ്യാജമദ്യം കഴിച്ച് ബന്ധുക്കളായ മൂന്ന് പേര്‍ മരിച്ചു. കര്‍ണ്ണാടകയില്‍ നിന്നാണ് മദ്യം കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി പൊലീസ്. മദ്യം കൊണ്ടുവന്ന മാനന്തവാടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളമുണ്ട വരാമ്പറ്റ കാവുക്കുന്ന് കോളനിയിലെ തിഗ്ന്നായി, മകന്‍ പ്രമോദ്, മരുമകന്‍ പ്രസാദ് എന്നിവരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. വീട്ടിലെ പൂജാകര്‍മ്മങ്ങള്‍ക്കായി എത്തിച്ച മദ്യം ഇവര്‍ മൂന്ന് പേരും കഴിക്കുകയായിരുന്നു. പുജാകര്‍മ്മങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം ഉച്ചയോടെ മദ്യം കഴിച്ച തിഗ്ന്നായി അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.

എന്നാല്‍ മരണകാരണം ഹ്യദയാഘാതമാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്നതിടെ മറ്റു രണ്ടു പേരും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മദ്യത്തിന്റെ സാമ്പിള്‍ പൊലീസ് പരിശോധകള്‍ക്കായി കസ്റ്റഡിയിലെടുത്തു. മദ്യത്തില്‍ വിഷം കലര്‍ന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം കര്‍ണ്ണാടകയില്‍ നിന്നാണ് മദ്യം കൊണ്ടുവന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മദ്യ കൊണ്ടുവന്ന മാനന്തവാടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.

DONT MISS
Top