ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതി; നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായി ലൈംഗിക അതിക്രമത്തിന് കന്യാസ്ത്രീ പരാതി നല്‍കിയ സംഭവത്തില്‍ നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മനുഷ്യാവകാശ നിഷേധത്തിനെതിരായ പോരാട്ടമാണിത്.

ആദ്യഘട്ടം അന്വേഷണം നല്ല രീതിയിലാണ് നടന്നത്. എന്നാല്‍ കുറ്റവാളി നിയമത്തിന്റെ അടുത്തേക്കെത്തിയപ്പോഴാണ് കേസ് അട്ടിമറിക്കാന്‍ നീക്കം തുടങ്ങിയത്. രാഷ്ട്രീയ ഇംഗിതത്തിന് വേണ്ടി നില്‍ക്കുന്ന കളിപ്പാവയായി ഡിജിപി മാറി. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരിന് കീഴിലാണ് ഈ അനീതി നടക്കുന്നത്.

തന്റെ പേരില്‍ തെളിവില്ല എന്ന് ബിഷപ്പ് പറയുന്നു. സത്യവാങ്മൂലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത് പരിശോധിച്ചാല്‍ ഇത് തെറ്റാണെന്ന് ബോധ്യപ്പെടും. ബിഷപ്പ് കുറ്റം ചെയ്തിരിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറയുന്നു. വളരെ നേരത്തെ പരിഹാരം കാണാമായിരുന്ന പ്രശ്‌നമാണിതെന്നും വിഎം സുധീരന്‍ പറഞ്ഞു. കന്യാസ്ത്രീക്കെതിരെ എംഎല്‍എ പിസി ജോര്‍ജ്ജ് പറഞ്ഞ അഭിപ്രായം നിയമസഭയ്ക്ക് അപമാനമെന്ന സ്പീക്കറുടെ നിലപാടിനോട് തനിക്ക് പൂര്‍ണ യോജിപ്പാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top