കൃഷിമന്ത്രിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് പിഎച്ച് കുര്യന്‍

പിഎച്ച് കുര്യന്‍

തിരുവനന്തപുരം: കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍. നെല്‍കൃഷി, കൃഷി മന്ത്രിക്ക് മോക്ഷം കിട്ടന്നതുപോലെ എന്നതായിരുന്നു പിഎച്ച് കുര്യന്റെ പരാമര്‍ശം. എന്നാല്‍ കുട്ടനാട്ടില്‍ നെല്‍കൃഷി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് തന്റെ പരാര്‍ശം എന്നും ഇത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നുമാണ് പിഎച്ച് കുര്യന്റെ വിശദീകരണം.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മന്ത്രി വിഎസ് സുനില്‍ കുമാറിനെയും ഇക്കാര്യം അറിയിച്ച് ഖേദ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായും പിഎച്ച് കുര്യന്‍ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സിപിഐ നേതൃത്വം തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നല്‍കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം.

കര്‍ഷകര്‍ നെല്‍ക്കൃഷിയില്‍ നിന്നും പിന്തിരിഞ്ഞ് മത്സ്യകൃഷിയോ ടൂറിസമോ കുടിവെള്ള യൂണിറ്റോ തുടങ്ങണം എന്നും കുര്യന്‍ ആവശ്യപ്പെട്ടിരുന്നു. നെല്‍കൃഷി വ്യാപനത്തിനായി വ്യാപക പ്രചരണം നടത്തുന്നതിനിടെ റവന്യൂ സെക്രട്ടറി നടത്തിയ പരാമര്‍ശം സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെന്നായിരുന്നു സിപിഐ നേതൃത്വവും കൃഷിമന്ത്രിയും നല്‍കിയ മറുപടി. ഉദ്യോഗസ്ഥന്‍ അച്ചടക്കം പാലിച്ചില്ലെന്ന് കാട്ടി മുഖ്യമന്ത്രിയെ സമീപിക്കാനായിരുന്നു അവരുടെ തീരുമാനം. ഇതിനു പിന്നാലെയാണ് ഖേദ പ്രകടനവുമായി പിഎച്ച് കുര്യന്‍ നേതാക്കളെ സമീപിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top