ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ബിഷപ്പ് അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു; വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്

ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി: നീതി തേടി വത്തിക്കാന്‍ സ്ഥാനപതിക്കും രാജ്യത്തെ ബിഷപ്പുമാര്‍ക്കും ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ  കന്യാസ്ത്രീയുടെ കത്ത്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തങ്ങളെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നതായും, അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ക്രൈസ്തവസഭയില്‍ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും മാത്രമേ പരിഗണന ഉള്ളൂവെന്നതാണ് അനുഭവം. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകള്‍ സഭയില്‍ ഉണ്ടെന്നും ഇടപെട്ടില്ലെങ്കില്‍ സഭയുടെ വിശ്വാസത്തെ നഷ്ടപ്പെടുമെന്നും കന്യാസ്ത്രീ ചൂണ്ടിക്കാട്ടുന്നു.

സഭയില്‍ നിന്നും നീതി തേടുന്നതിനുള്ള അവസാന ശ്രമമായാണ് ഇരയായ കന്യാസ്ത്രീ ഇതാദ്യമായി കത്തിലൂടെ നിലപാട് വ്യക്തമാക്കുന്നത്. സഭയില്‍ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും മാത്രമേ പരിഗണന ഉള്ളൂവെന്ന് അക്കമിട്ട് വിശദീകരിക്കുകയാണ് കന്യാസ്ത്രീ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കഴുകന്‍ കണ്ണുകള്‍ ആണ്. ബിഷപ്പിന് യുവ കന്യാസ്ത്രീയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നതായി 2017 ല്‍ സഭ കണ്ടെത്തിയിരുന്നു. പക്ഷേ ഈ കന്യാസ്ത്രീക്കെതിരെ അച്ചടക്കനടപടി എടുക്കുന്നത് ബിഷപ്പ് ഇടപെട്ട് തടഞ്ഞു. ഇത്തരം നിരവധി സംഭവങ്ങള്‍ ഫ്രാങ്കോയുടെ ഭാഗത്തുനിന്നും നിരവധി കന്യാസ്ത്രീകള്‍ക്ക് ഉണ്ടായതായി കത്തില്‍ വ്യക്തമാക്കുന്നു.

ക്രൈസ്തവസഭയില്‍ അധികാരമുള്ള പലരില്‍നിന്നും കന്യാസ്ത്രീകള്‍ക്ക് ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വരുന്നു. പക്ഷേ ഇവര്‍ക്ക് അധികാരികളെ നേരിടാനാവാത്ത അവസ്ഥയാണ്. സഭ മൗനം തുടര്‍ന്നാല്‍ വിശ്വാസ്യത നഷ്ടമാകും. താന്‍ പറയുന്ന സത്യങ്ങള്‍ സഭ ഇപ്പോഴും അവിശ്വാസത്തോടെ കാണുന്നതായി തോന്നുന്നു. 13 പ്രാവശ്യം പീഡിപ്പിക്കപ്പെട്ടപ്പോഴും താന്‍ എന്തുകൊണ്ട് മിണ്ടാതിരുന്നു എന്നാണ് ചോദ്യം. തനിക്ക് ഇക്കാര്യങ്ങളെക്കുറിച്ച് പറയാന്‍ ഭയവും മാനക്കേടും ഉണ്ടായിരുന്നു. സന്യാസി സമൂഹത്തെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നതായും കന്യാസ്ത്രീ പറയുന്നു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വത്തിക്കാന്‍ സ്ഥാനപതിക്കും രാജ്യത്തെ ബിഷപ്പുമാര്‍ക്കും അയച്ച കത്തില്‍ കന്യാസ്ത്രീ പറയുന്നു.

DONT MISS
Top