പ്രളയത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി ലോക ബാങ്ക് പ്രകതിനിധി സംഘം 12ന് കേരളത്തിലെത്തും

കോഴിക്കോട്: സംസ്ഥാനത്തെ പ്രളയത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി ലോക ബാങ്ക് പ്രതിനിധി സംഘം 12ന് കേരളത്തിലെത്തും. കോഴിക്കോട് ജില്ലയിലെപ്രളയ ബാധിത പ്രദേശങ്ങളിലാണ് ഇവിടെയെത്തുന്ന സംഘം ആദ്യം സന്ദര്‍ശനം നടത്തുക.

പ്രളയവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ കണക്കാക്കാനാണ് ലോകബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തുന്നത്. മൂന്ന് സംഘങ്ങളായെത്തുന്ന പ്രതിനിധികള്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. 12നാണ് ഒരു സംഘം കോഴിക്കോട് എത്തുക. ജില്ലയിലെ പ്രളയബാധിത മേഖലകളിലായിരിക്കും സംഘത്തിന്റെ ആദ്യ സന്ദര്‍ശനം. ഉരുള്‍പ്പൊട്ടലിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങള്‍ സംഘം പരിശോധിക്കും. ഇതിന് മുന്നോടിയായി പ്രളയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്തു. നാശനഷ്ടങ്ങളുടെ പുതിയ കണക്ക് യോഗം വിലയിരുത്തി.

ജില്ലയിലെ സന്ദര്‍ശത്തിന് ശേഷം സംഘം വയനാട്ടിലേക്ക് പോവും. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി വായ്പ നല്‍കാന്‍ തയ്യാറാണെന്ന് ലോകബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. കുടിവെളളം, ഡ്രെയിനേജ്, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ക്കാണ് ലോകബാങ്ക് പണം നല്‍കുക. സംസ്ഥാനം രൂപം നല്‍കുന്ന പദ്ധതികള്‍ക്ക്് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ലഭിക്കണം. വായ്പ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും കഴിഞ്ഞ മാസം 29ന് ചര്‍ച്ച നടത്തിയിരുന്നു.

DONT MISS
Top