പികെ ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതി നിലനില്‍ക്കെ ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും; പരാതിക്കാരി യോഗത്തില്‍ പങ്കെടുക്കും

പാലക്കാട്: എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതി നിലനില്‍ക്കെ ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും. ശശിക്കെതിരെ ജില്ലാ കമ്മിറ്റിയംഗമാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിക്കാരിയും അവരെ പിന്തുണയ്ക്കുന്നവരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

അടുത്ത മാസം നടക്കാനിരിക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്. പക്ഷേ യോഗം പ്രസക്തമാകുന്നത് പികെ ശശിക്കെതിരെ ജില്ലാ കമ്മിറ്റിയംഗം പരാതി നല്‍കിയ ശേഷം ആദ്യം ചേരുന്ന യോഗമാണിത് എന്ന രീതിയിലാണ്. അതുകൊണ്ട്തന്നെ യോഗത്തില്‍ വിവിധതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പരാതിക്കാരിയായ പെണ്‍കുട്ടിയും ഇവരെ അനുകൂലിക്കുന്നവരും യോഗത്തില്‍ പങ്കെടുക്കുന്നു എന്നതും പ്രസ്‌ക്തമാണ്. ആദ്യഘട്ടത്തില്‍ പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലും പരാതി ലഭിച്ചിട്ടില്ലെന്ന് ഡിവൈഎഫ് ജില്ലാകമ്മിറ്റി പറഞ്ഞിരുന്നു. ഈ നിലപാടിനെതിരെ കമ്മിറ്റിയിലെ പല അംഗങ്ങള്‍ക്കും കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റി യോഗം ചേരുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാം എന്ന് തന്നെയാണ് കരുതപ്പെടുന്നത്.

DONT MISS
Top