ഭാരത് ബന്ദ്: മുംബൈയില്‍ 14 ബസുകള്‍ തകര്‍ത്തു, ഉഡുപ്പിയില്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷം

ദില്ലി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിവിധ സംസ്ഥാനങ്ങളിലെ ജനജീവിത്തെ ബാധിച്ചു. 21 പ്രതിപക്ഷ പാര്‍ട്ടികാളാണ് കോണ്‍ഗ്രസിന്റെ ഭാരത് ബന്ദിന് പിന്തുണ നല്‍കിയിരിക്കുന്നത്. ജനതാദള്‍ സെക്കുലര്‍, ആര്‍ജെഡി, ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി, എന്‍സിപി, മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന, ഡിഎംകെ എന്നിവരാണ് ബന്ദിന് പിന്തുണ നല്‍കിയിട്ടുള്ള പ്രമുഖ പാര്‍ട്ടികള്‍.

കര്‍ണാടകയിലും ഒഡീഷയിലും സര്‍ക്കാര്‍ ബന്ദിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബന്ദ് നടത്തില്ലെന്നും ബംഗാളില്‍ ഹര്‍ത്താല്‍ അനുകൂല റാലികള്‍ നടത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചത്. ആം ആദ്മി പാര്‍ട്ടി നേതാക്കളും, ഇടതുപക്ഷ നേതാക്കളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങി. ദില്ലിയില്‍ ബന്ദിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രകടനം നടത്തിയ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കൂടാതെ മുംബൈയില്‍ പതിനാലോളം ബസുകളാണ് തകര്‍ത്തത്. ആസാമില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. 20 മിനുട്ടു മുതല്‍ 80 മിനുട്ട് വരെ ട്രെയിനുകള്‍ വൈകി ഓടുന്ന സാഹചര്യവും ഉണ്ടായി. ദില്ലിയില്‍ ബൈക്കുകള്‍ കാളവണ്ടയില്‍ കയറ്റിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

താണെയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംഎന്‍എസും എന്‍സിപി പ്രവര്‍ത്തകരും ചേര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞു. കര്‍ണാടകയിലെ ഉഡുപ്പിയില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ തോതിലുള്ള സംഘര്‍ഷവും ഉണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ജാര്‍ഖണ്ഡില്‍ 58 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പ് തകര്‍ത്തു. മുംബൈയില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു.

DONT MISS
Top