വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ പത്തനാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു; അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പരാതി

കൊല്ലം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ പത്തനാപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഷാഹിദാ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്തു എന്നാരോപിച്ചാണ് തന്നെയും ഡ്രൈവറെയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചതെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു.

പത്താനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരണപ്പെട്ട നിലയില്‍ കണ്ട വാര്‍ത്തയറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോവുകയായിരുന്നു ഷാഹിദാ കമാല്‍. എന്നാല്‍ റോഡില്‍ വച്ച് കാര്‍ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ത് കാരണമായാലും ആരായാലും ഹര്‍ത്താല്‍ ദിവസം വാഹനം കടത്തി വിടില്ലെന്ന് ആക്രോശിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ് താഴ്ത്താന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാകാത്തതിനെത്തുടര്‍ന്ന് അവര്‍ വണ്ടിയുടെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. അതിനു ശേഷം െൈഡ്രവറെ മര്‍ദ്ദിക്കുകയും തന്നെ അസഭ്യം പറയുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തുവെന്ന് ഷാഹിദാ കമാല്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസില്‍ നിന്ന് സ്ഥാനമാനങ്ങള്‍ നേടിയ ശേഷം വഞ്ചിച്ച് കടന്നുകളഞ്ഞ അവളെയും അവളുടെ വണ്ടിയേയും അടിക്കെടാ എന്നു പറഞ്ഞ് തന്നെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തന്നെ മര്‍ദ്ദിച്ചതെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ അംഗമെന്ന നിലയില്‍ താല്‍ ചുമതല വഹിക്കുന്ന ജില്ലയില്‍ ഒരു കന്യാസ്ത്രീ മരണപ്പെട്ട വാര്‍ത്തയറിയുമ്പോള്‍ അവിടെ പോകേണ്ടത് തന്റെ ചുമതലയാണെന്നും അതിനായി എത്തിയ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഷാഹിദാ കമാല്‍ ആരോപിച്ചു. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഷാഹിദാ കമാല്‍ പിന്നീട് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുകയായിരുന്നു.

വനിതാ കമ്മീഷന്‍ അംഗമായിരുന്നിട്ട് കൂടി തന്റെ ദേഹത്ത് കൈവെച്ചിരിക്കുകയാണ്. തന്നെ മര്‍ദ്ദിച്ച ആളെ തനിക്ക് വ്യക്തമായി അറിയാമെന്നും ആയാളുടെ ഫോട്ടോ തന്റെ കൈവശമുണ്ടെന്നും ആ വ്യക്തിയെ അറസ്റ്റ് ചെയ്യാതെ താനിനി മുന്നോട്ട് നീങ്ങില്ലെന്നും ഷാഹിദാ കമാല്‍ നിര്‍ബന്ധം പിടിച്ചുവെങ്കിലും പിന്നീട് പത്തനാപുരം പൊലീസ് സ്ഥലത്തെത്തി ഇവരെ ഇവിടെ നിന്നും കടത്തിവിടുകയായിരുന്നു.

DONT MISS
Top