കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം; പിസി ജോര്‍ജ് എംഎല്‍എ നിയമകുരുക്കില്‍

പിസി ജോര്‍ജ്

കോട്ടയം: ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എ നിയമക്കുരുക്കില്‍. ഇതിനായി കഴിഞ്ഞ ദിവസം ജോര്‍ജ് കോട്ടയത്ത് നടത്തിയ പ്രസ്ഥാവനയുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. സ്വമേധയാ കേസെടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയും പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് അഭിപ്രായപ്പെട്ടു.

പരാതിക്കാരിയായ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളായിരുന്നു കഴിഞ്ഞ ദിവസം കോട്ടയം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് പറഞ്ഞത്. സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റുകാരനാണെന്നു താന്‍ കരുതുന്നില്ലെന്നും 12 തവണ പീഡനത്തിരയായിട്ട് 13-ാം തവണ കന്യാസ്ത്രീ പരാതിയുമായി എത്തിയതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. പരാതിക്കാരിക്കൊപ്പം നില്‍ക്കുന്ന കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയാറാകണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍ നിന്നും കന്യാസ്ത്രീ പിന്മാറി.

പിസി ജോര്‍ജിന്റെ പരാമര്‍ശം കടുത്ത മാനസിക സംഘര്‍ത്തിനിടയാക്കിയെന്നും എംഎല്‍എക്കെതിരെ പരാതി നല്‍കുമെന്നും കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇതിനിടെ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയും പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു രംഗത്ത് വന്നു. സ്ത്രീകളെ സംരക്ഷിക്കേണ്ട നിയമസഭാ സാമാജികര്‍ ഇത്തരം ഭാഷ പ്രയോഗിക്കുന്നതില്‍ ലജ്ജ തോന്നുന്നുവെന്നും സംഭവം കമ്മീഷന്‍ ഗൗരവത്തിലെടുക്കുമെന്നും രേഖാശര്‍മ അഭിപ്രായപ്പെട്ടു.

DONT MISS
Top