കന്യാസ്ത്രീയുടെ മരണം; പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം മഠത്തിലെ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൗണ്ട് തബോര്‍ മഠത്തിലെ കന്യാസ്ത്രീയായ സൂസന്‍ മാത്യുവിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും. ഇവിടെ വച്ച് പോസ്റ്റമോര്‍ട്ടം നടപടികള്‍ നടത്താനാണ് തീരുമാനം.

മൃതദേഹത്തിന്റെ ഇരു കൈത്തണ്ടകളിലും മുറിവ് കണ്ടെത്തി. മഠത്തിലുണ്ടായവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്നു രാവിലെയും മറ്റുമായി മഠത്തില്‍ നിന്നും പുറത്തു പോയവരെ തിരിച്ചു വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായിരുന്ന ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണ്. പത്തനാപുരം സിഐയ്ക്കാണ് കേസിന്റെ അന്വേഷണചുമതല. അന്വേഷണത്തില്‍ പുനലൂര്‍ ഡിവൈഎസ്പി മേല്‍നോട്ടം വഹിക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി അറിയിച്ചു.

ഇന്നുരാവിലെയോടെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. കിണറിനു സമീപത്തായി രക്തക്കറയും വലിച്ചിഴച്ചതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. കിണറിനു സമീപം രക്തപാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കന്യാസ്ത്രീയുടെ മുടി മുറിച്ചനിലയിലാണ്. ഇവരുടെ മുറിയില്‍ നിന്നും മുടി കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ മരണം ആത്മഹത്യയാണെന്നാണ് മഠത്തിന്റെ വിശദീകരണം.

പത്തനാപുരം സെന്റ് സ്റ്റീഫന്‍ സ്‌കൂളില്‍ 25 വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുകയാണ് സൂസന്‍ മാത്യു. ഒരാഴ്ചയായി ജോലിയില്‍ അവധിയിലായിരുന്ന സിസ്റ്റര്‍ വെള്ളിയാഴ്ചയാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top