കമ്മീഷനെ വയ്‌ക്കേണ്ട ആരോപണമാണ് ശശിക്കെതിരെ ഉയര്‍ന്നുവന്നത്: എകെ ബാലന്‍

എകെ ബാലന്‍

തിരുവനന്തപുരം: പികെ ശശിക്കെതിരായ പരാതി ഗൗരവമുള്ളതാണെന്നതിന്റെ സൂചന നല്‍കി കമ്മീഷന്‍ അംഗം എകെ ബാലന്‍. ഓഗസ്ത് 14 ന് കിട്ടിയ പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ കമ്മീഷനെ വച്ച് അന്വേഷിക്കേണ്ടതാണെന്ന് കണ്ടെത്തി. ആദ്യ സെക്രട്ടറിയേറ്റില്‍ തന്നെ കമ്മീഷനെ വച്ചു. പാര്‍ട്ടി കമ്മീഷനെ അവിശ്വാസം ഉണ്ടെങ്കില്‍ പരാതിക്കാരി സ്വീകരിക്കുന്ന ഏതു നടപടിക്കുമൊപ്പം പാര്‍ട്ടിയും സര്‍ക്കാരും ഉണ്ടാകും എന്നും എകെ ബാലന്‍ പറഞ്ഞു.

സംഘടനാപരമായി അന്വേഷിച്ച് ഉചിതമായ നടപടി എടുക്കണം എന്നാണ് പരാതിക്കാരിയുടെ ആവശ്യം. അവരുടെ വിശ്വാസത്തിന് നിരക്കുന്ന രൂപത്തിലായിരിക്കും കമ്മീഷനും പാര്‍ട്ടിയും മുന്നോട്ട് പോവുക. ഇനിയെന്തെങ്കിലും അവിശ്വാസം ഉണ്ടായാല്‍ അവര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പിന്തുണ ഉണ്ടാകും.

നിയമമന്ത്രി എന്ന നിലയില്‍ അന്വേഷണ കമ്മീഷനില്‍ അംഗമാകുന്നതില്‍ അനൗചിത്യമില്ല. എംഎല്‍എ ആയിരുന്ന സമയത്ത് മറ്റൊരു കമ്മീഷനില്‍ അംഗമായിരുന്നു. അന്നെടുത്ത സത്യപ്രതിജ്ഞയെ മന്ത്രിയായിരുന്നപ്പോഴും എടുത്തിട്ടുള്ളു. കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബാധ്യസ്ഥനാണ്. ഇത്തരം വിഷയങ്ങളില്‍ സമാന സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഒരാളെയും പാര്‍ട്ടി രക്ഷിച്ചിട്ടില്ല. സംഘടനാപരമായും നിയമപരമായും അവരെ ശിക്ഷിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ പൊതു സമൂഹത്തില്‍നിന്ന് പാര്‍ട്ടി ഒളിച്ചോടില്ല. നല്ല വ്യക്തയോടെ എല്ലാവരെയും ബോധ്യപ്പെടുത്തിയെ മുന്നോട്ട് പോകൂ. മഹാപ്രളയം ഉണ്ടായതുകൊണ്ടാണ് ആഗസ്ത് 14 നും 31 നും ഇടയില്‍ ചിലദിവസങ്ങള്‍ നഷ്ടപ്പെട്ടത്. ഇപ്പോള്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയായി കഴിഞ്ഞു എന്നും എകെ ബാലന്‍ പറഞ്ഞു.

DONT MISS
Top