പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് മന്ത്രി ഇപി ജയരാജന്‍

കൊച്ചി: പ്രളയം തകര്‍ത്ത കേരളത്തെ പുനസൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് മന്ത്രി ഇപി ജയരാജന്‍. വീടുകളുടെ പുനര്‍നിര്‍മാണവും, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പുനരുജ്ജീവനവും, പകര്‍ച്ചവ്യാധി നിയന്ത്രണവുമാണ് പ്രഥമ കടമയായി സര്‍ക്കാരിന്റെ മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പുനരധിവാസവും, പ്രളയജലത്തില്‍ തകര്‍ന്നുപോയ വ്യാപാര- വ്യവസായ സ്ഥാപനങ്ങളുടെ പുനരജ്ജീവനവും എല്ലാമേഖലയിലുള്ളവരുടെയും സഹകരണത്തോടെ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കേരളത്തിലെ ചേമ്പര്‍ഓഫ് കോമേഴ്സിന്റെയും വ്യാപാര-വ്യവസായ പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണത്തിന് പെയിന്റ് നിര്‍മാതാക്കളുടെ സഹകരണം തേടുന്നതിന് അവരുമായും ചര്‍ച്ച നടത്തി.

പുനരുദ്ധാരണം വേണ്ടിവരുന്നതായി ആദ്യഘട്ടത്തില്‍ കണക്കാക്കപ്പെട്ട 65,000 വീടുകളുടെ പെയിന്റിംഗ് നടത്തി സഹകരിക്കണമെന്ന അഭ്യര്‍ത്ഥന അനുഭാവപൂര്‍വമായാണ് പെയിന്റ് കമ്പനി പ്രതിനിധികള്‍ പരിഗണിച്ചതെന്ന് മന്ത്രി പറഞ്ഞു. പുനരുദ്ധാരണം വേണ്ടിവരുന്ന വീടുകളുടെ പട്ടിക തരംതിരിച്ച് കമ്പനികള്‍ക്ക് നല്‍കാമെന്നും ആവശ്യമായ പെയിന്റിംഗ് നടത്തി സഹകരിക്കണമെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശമായി മുന്നോട്ടുവച്ചു. പ്രളയം നാശംവിതച്ച പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ വന്‍ പ്രതിസന്ധിയിലാണ്. തകര്‍ച്ചയിലാണ്ട വ്യാപാര- വാണിജ്യ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനും സംരംഭകര്‍ക്ക് ആശ്വാസമേകാനും പ്രളയബാധിതരല്ലാത്ത വ്യാപാരികളും വ്യവസായികളും സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്നോട്ട് വച്ചത്.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികളുടെ കൂട്ടായ്മ രൂപീകരിച്ച് തകര്‍ച്ച നേരിടുന്ന വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നാശനഷ്ടമുണ്ടായ സ്ഥാപനങ്ങളുടെ പുനര്‍സൃഷ്ടിക്ക് ക്രെഡായിയുമായി സഹകരിച്ച് നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കാനും സാമ്പത്തിക പിന്തുണ നല്‍കാനും മുതല്‍മുടക്കിനും പ്രാപ്തരായ വ്യാപാര പങ്കാളികളെയും നിക്ഷേപകരെയും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ലനിലയില്‍ പുരോഗമിക്കുന്നുണ്ട്. 146 ദുരിതാശ്വാസ ക്യാമ്പുകളിലായി 2267 കുടുംബങ്ങളാണുള്ളത്. ഇവര്‍ക്ക് പതിനായിരം രൂപ വീതം നല്‍കുന്ന നടപടിയും അന്തിമഘട്ടത്തിലെത്തിയിട്ടുണ്ടെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top