‘സിപിഐഎമ്മിനെപ്പോലെ കോണ്‍ഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്’; കേരളത്തെ ബന്ദില്‍ നിന്നൊഴിവാക്കണമെന്ന് കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കൊച്ചി: കേരളത്തെ ബന്ദില്‍ നിന്നൊഴിവാക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പ്രളയദുരിതം മൂലം ഒരു വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും, സിപിഐഎമ്മിനെപ്പോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുതെന്നും പറഞ്ഞ സുരേന്ദ്രന്‍, വല്ല കരിദിനമോ പ്രതിഷേധദിനമോ ഒക്കെ നടത്തി ഈ സമരം അവസാനിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ പ്രതിഷേധങ്ങള്‍ പ്രതിപക്ഷം ഒരവകാശമായി കരുതുന്നതുകൊണ്ട് അതിനെ എതിര്‍ക്കുന്നില്ല, എന്നാല്‍ കേരളത്തെ ആ ബന്ദില്‍ നിന്നൊഴിവാക്കണം. കാരണം പ്രളയദുരിതം മൂലം ഒരു വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. കുട്ടനാട്ടിലും പരിസരത്തും ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. ആയിരക്കണക്കിനാളുകള്‍ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ പലര്‍ക്കും കിടന്നുറങ്ങാനോ ഭക്ഷണം പാകം ചെയ്തു കഴിക്കാനോ കഴിയുന്ന സ്ഥിതിയില്ല. എലിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നതിനാല്‍ പലരും ആശുപത്രിയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെ കിട്ടിയിട്ടില്ല. മുഖ്യമന്ത്രി നാട്ടിലില്ല. മന്ത്രിസഭായോഗം കൂടാനാവുന്നില്ല. മന്ത്രിമാരാണെങ്കില്‍ തമ്മിലടിയിലും. പൊലീസിന് പിടുപ്പതു പണി വേറെയുണ്ട്. അതെല്ലാം പരിഗണിച്ച് ഈ ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കണം.

സിപിഐഎമ്മിനെപ്പോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്. വല്ല കരിദിനമോ പ്രതിഷേധദിനമോ ഒക്കെ നടത്തി ഈ സമരം അവസാനിപ്പിക്കണം. മോദിയെ വിറപ്പിക്കാന്‍ യുപിയിലും മധ്യപ്രദേശിലും ദില്ലിയിലും മഹാരാഷ്ട്രയിലുമൊക്കെ ബന്ദ് വിജയിപ്പിച്ചാലും മതിയല്ലോ. അവിടെയൊന്നും ഈ ബന്ദ് വിജയിക്കാന്‍ പോകുന്നില്ലെന്നത് വേറെ കാര്യം. കൂനിന്‍മേല്‍ കുരുവായി മാറാന്‍ ചെന്നിത്തലയും ചാണ്ടിയും മുതിരരുത് എന്നഭ്യര്‍ത്ഥിക്കുന്നു, സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

DONT MISS
Top