തെലങ്കാന നിയമസഭ പിരിച്ചുവിട്ടു

ഹൈദരാബാദ്: രണ്ട് ദിവസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കെ ചന്ദ്രശേഖര റാവു തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. മന്ത്രിസഭ പിരിച്ചുവിട്ടതായുള്ള തീരുമാനം മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനെയും അറിയിച്ചു. തീരുമാനത്തെ ഗവര്‍ണറും അംഗീകരിച്ചു. ഇതോടെ തെരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

കാലാവധി തികയ്ക്കാന്‍ ഒന്‍പത് മാസം കൂടി ബാക്കി നില്‍ക്കെയാണ് മന്ത്രി സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ തീരുമാനിച്ചത്. പിരിച്ചുവിടാനുള്ള തീരുമാനത്തെ ഏകകണ്ഠമായാണ് മന്ത്രിസഭാ അംഗങ്ങള്‍ അംഗീകരിച്ചത്. അടുത്ത മന്ത്രിസഭ അധികാരം ഏല്‍ക്കുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ചന്ദ്രശേഖര്‍ റാവുവിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ആവശ്യം ചന്ദ്രശേഖര റാവു അംഗീകരിച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷം മേയിലായിരുന്നു മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്. അങ്ങനെയങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പും നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തിയാല്‍ സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കില്ല എന്നതിനാലാണ് മന്ത്രിസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പിന് നേരിടാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത് എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top