വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നേരിട്ട് ബാധിച്ചത് ആയിരത്തി ഇരുന്നൂറോളം കുടുംബങ്ങളെ

വയനാട്: വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നേരിട്ട് ബാധിച്ചത് ആയിരത്തി ഇരുന്നൂറോളം കുടുംബങ്ങളെ. ഏറ്റവും കൂടുതല്‍ തവണ ഉരുള്‍പൊട്ടിയത് വൈത്തിരി പഞ്ചായത്തില്‍ ആണെന്ന് ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തിന്റെ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

ചെറുതും വലുതുമായ നാല്‍പ്പത്തിയേഴ് ഉരുള്‍പൊട്ടലുകളാണ് ശക്തമായ മഴയില്‍ വയനാട് ജില്ലയില്‍ ഉണ്ടായത്. ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകളുണ്ടായത് വൈത്തിരി പഞ്ചായത്തിലാണ്. ഇവിടെ പതിനാറ് ഇടങ്ങളില്‍ ഉരുള്‍പൊട്ടി മുപ്പത്തിരണ്ട് ഏക്കര്‍ ഭൂമി ഒലിച്ചുപോയതായി ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും 1221 കുടുംബങ്ങളെ നേരിട്ട് ബാധിച്ചു.

ഏറ്റവും കൂടുതല്‍ ഭൂമി ഒളിച്ചു പോയത് പൊഴുതന പഞ്ചായത്തിലാണ്. 11 സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 243 ഏക്കര്‍ ഭൂമി ഉപയോഗ ശൂന്യമായി. 82 കുടുംബങ്ങളാണ് ഇവിടെ പ്രതിസന്ധിയിലായത്. ഏക്കര്‍ കണക്കിന് കൃഷിയിടമാണ് മണ്ണ് കയറി ഉപയോഗശൂന്യമായി കിടക്കുന്നത്. ഭൂമി കൃഷിക്ക് യോഗ്യമാവാന്‍ ഒരുപാട് സമയമെടുക്കുമെന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍. കൂടാതെ നിരവധി വീടുകളും പ്രാദേശിക റോഡുകളും ഇപ്പോഴും മണ്ണ് ഇടിഞ്ഞുവീണ് ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

DONT MISS
Top