കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് പരിസ്ഥിതി മന്ത്രി

ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. എല്ലാ വശങ്ങളും സൂക്ഷമമായി പരിശോധിക്കുകയാണ്. കേരളത്തിലെ കനത്ത മഴ സംബന്ധിച്ചു കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണം മന്ത്രി തള്ളി കളഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ആഗസ്ത് 26ന് അവസാനിച്ചിരുന്നു. 2017ലെ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതിലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന് ഹരിത ട്രിബ്യുണല്‍ ഉത്തരവിട്ടതോടെയാണ് കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നത് വൈകുന്നത്. ജനവാസ കേന്ദ്രങ്ങള്‍, പട്ടയ ഭൂമി, ഏലമലകാടുകള്‍ ഉള്‍പ്പെടയുള്ള കൂടുതല്‍ പ്രദേശങ്ങള്‍ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രിബ്യുണല്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കരടില്‍ ഇതംഗീകരിക്കുക മന്ത്രാലയത്തിന് എളുപ്പമല്ല.

ട്രിബ്യുണല്‍ ഉത്തരവ് സഹിതം കരട് വിജ്ഞാപനം അടങ്ങുന്ന ഫയല്‍ മന്ത്രിയുടെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണെന്ന് ഉന്നതോദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. അതേസമയം കേരളത്തിലെ കനത്ത മഴ സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലാവസ്ഥാ വകുപ്പിന് വീഴ്ച പറ്റിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഹര്‍ഷവര്‍ദ്ധന്‍ നിഷേധിച്ചു. എല്ലാ വിവരങ്ങളും മുന്‍കൂറായി നല്‍കിയിരുന്നു. ഇത് വെബ്സൈറ്റില്‍ ലഭ്യമാണ്. വസ്തുതകള്‍ സംസാരിക്കട്ടെയെന്നും രാഷ്ട്രീയം കളിക്കേണ്ട സമയമല്ല ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top