കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനെതിരെ എംസിഐ സുപ്രിം കോടതിയെ സമീപിച്ചു

ദില്ലി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിന് എതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിം കോടതിയെ സമീപിച്ചു. തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോെളജ്, വയനാട് ഡിഎം മെഡിക്കല്‍ കോളെജ്, പാലക്കാട് പികെ ദാസ് മെഡിക്കല്‍ കോളെജ്, തിരുവനന്തപുരം എസ്ആര്‍ മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളിലെ മെഡിക്കല്‍ പ്രവേശത്തിനെതിരെയാണ്  മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിം കോടതിയെ സമീപിച്ചത്. മെഡിക്കല്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും.

തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളെജ്, വയനാട് ഡിഎം മെഡിക്കല്‍ കോളെജ്, പാലക്കാട് പികെ ദാസ് മെഡിക്കല്‍ കോളെജ്, തിരുവനന്തപുരം എസ്ആര്‍ മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചിരുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഈ കോളെജുകളില്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം.

എന്നാല്‍ അല്‍ അസര്‍ മെഡിക്കല്‍ കോളെജ്, ഡിഎം മെഡിക്കല്‍ കോളെജ്, പികെ ദാസ് മെഡിക്കല്‍ കോളെജ്, എന്നിവിടങ്ങളില്‍ 150 സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥി പ്രവേശനം നടത്താന്‍ കേരള ഹൈക്കോടതി അനുമതി നല്‍കി. തിരുവനന്തപുരം എസ്ആര്‍ മെഡിക്കല്‍ കോളെജില്‍ 100 സീറ്റുകളിലേക്ക് പ്രവേശനം നടത്താനും ഹൈക്കോടതി അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 550 സീറ്റുകളിലേക്ക് ഇന്ന് ആരംഭിച്ച മോപ്പ് അപ് കൗണ്‌സിലിംഗില്‍ വിദ്യാര്‍ത്ഥി പ്രവേശനം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിം കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണം എന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഹര്‍ജി നാളെ പരിഗണിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചത്. നാലു കോളെജുകള്‍ക്കും വേണ്ടത്ര അടിസ്ഥാന സൗകര്യം ഇല്ല എന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാദം.

DONT MISS
Top