എലിപ്പനി: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം

കെകെ ശൈലജ

കോഴിക്കോട്: എലിപ്പനി പടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നേതൃത്ത്വത്തില്‍ ഇന്ന് വൈകീട്ട് 3 മണിക്ക് കോഴിക്കോട് കളക്ട്രേറ്റില്‍ അവലോകനയോഗം ചേരും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും പനി വ്യാപകമാകുന്ന സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചുചേര്‍ത്തത്.

പ്രളയാനന്തരം സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന എലിപ്പനിയില്‍ ഇന്നലെ മാത്രം 10 പേര്‍ മരണമടഞ്ഞതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. കോഴിക്കോട് ജില്ലയില്‍ ഇന്നലെ 3 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞമാസം 20-ാം തീയതി മുതല്‍ സംസ്ഥാനത്ത് 43 പേരാണ് എലിപ്പനിയെ തുടര്‍ന്ന് മരിച്ചത്. ഇതില്‍ 7 പേരുടെ മരണം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതിന് പുറമെ 84 പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് കണ്ടെത്തല്‍.

കോഴിക്കോട് മെഡിക്കല്‍ കോളെജിലടക്കം പ്രത്യേക സൗകര്യങ്ങള്‍ ഇതിനകം തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ പ്രതിരോധ മരുന്നുകളുടെ വിതരണവും ബോധവത്കരണ പരിപാടികളും സജീവമാണ്. എന്നാല്‍ വയനാട്ടില്‍ നിന്നും മലപ്പുറത്തുനിന്നും കൂടുതല്‍ രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തുന്നതുമൂലം ആശുപത്രിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

DONT MISS
Top