ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; ഭീതിയുടെ നിഴലില്‍ കണ്ടപ്പുനം നിവാസികള്‍

കണ്ണൂര്‍: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ട് ഇപ്പോഴും ഭീതിയോടെ കഴിയുകയാണ് കണ്ണൂര്‍ കണ്ടപ്പുനം, മേമല നിവാസികള്‍. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണം പാടില്ലെന്ന അധികാരികളുടെ നിര്‍ദ്ദേശം ഇവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു .

കനത്ത മഴയില്‍ കൊട്ടിയൂര്‍ കണ്ടപ്പുനം മേമലയില്‍ ഉണ്ടായ ഭൂമി താഴുന്ന പ്രതിഭാസത്തെതുടര്‍ന്ന് ഭീതിയുടെ മുള്‍മുനയിലാണ് പ്രദേശവാസികള്‍ കഴിയുന്നത്. സ്വകാര്യ വ്യക്തികളുടെ ആറ് ഏക്കറോളം സ്ഥലം ഇതിനകം പൂര്‍ണ്ണമായും ഇടിഞ്ഞ് താഴ്ന്നിരിക്കുന്നു. അനുദിനം ഭൂമി താഴ്ന്ന് കൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ തുടര്‍ന്ന് പ്രദേശവാസികളായ പലരും സുരക്ഷിത ഇടം തേടി മാറി കഴിഞ്ഞു. ആറോളം കുടുംബങ്ങള്‍ മാത്രമാണ് ഈ പ്രദേശത്ത് ഇപ്പോള്‍ ജീവന്‍ പണയം വച്ചും താമസിക്കുന്നത്.

ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്ള പ്രദേശങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ ഒന്നും തന്നെ പാടില്ലെന്ന ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദ്ദേശമാണ് ഇവരുടെ ജീവിതത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ഒരു ജന്മം കൊണ്ട് ഉണ്ടാക്കിയതെല്ലാം ഉപേക്ഷിച്ച് പോവുക എന്നത് ഇവരെ സംബന്ധിച്ചെടുത്തോളം ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. അതുകൊണ്ട് തന്നെ പലരും ജീവന്‍ പണയപ്പെടുത്തിയും ഇവിടെ തന്നെ കഴിയുന്നു.

പ്രകൃതി ക്ഷോഭം മൂലം വീട് നഷ്ടപ്പെട്ട പ്രദേശവാസികള്‍ക്ക് പുതിയ വീട് നിര്‍മ്മിക്കുന്നതിനോ, മണ്ണിടിച്ചിലില്‍ തകര്‍ന്ന റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനോ ഇനി കഴിയാതെ വരും. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ നഷ്ടപരിഹാര തുക കൈപ്പറ്റി പുതിയ ഒരു ജീവിതം കരുപിടിപ്പിക്കാമെന്ന പ്രതീക്ഷയും ഇവര്‍ക്കില്ല. ആനത്താര പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലം ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നല്‍കുക എന്നതാണ് പ്രദേശവാസികളുടെ ഇപ്പോഴത്തെ ആവശ്യം.

DONT MISS
Top